മമത ബാനർജിയെ ബീഗമായും തൃണമൂൽ കോൺഗ്രസിനെ മുസ്ലിം പാർട്ടിയായും മുദ്രചാർത്തി ബംഗാളിൽ മുസ്ലിം വിരുദ്ധതയും ഹിന്ദു വർഗീയതയും തീവ്രമായി പയറ്റുേമ്പാൾതന്നെ ബി.ജെ.പി ഒമ്പത് മുസ്ലിം സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർഥിയെ ഇറക്കി ഈ മേഖലയിൽ മുസ്ലിം വോട്ട് ഭിന്നിപ്പിച്ച തന്ത്രമാണ് ഇക്കുറി ഒമ്പത് സീറ്റുകളിലും ബി.ജെ.പി പയറ്റുന്നത്.
സ്ഥാനാർഥി മുസ്ലിം നാമധാരി ആയാലും വർഗീയ ധ്രുവീകരണത്തിലുടെ ഹിന്ദു വോട്ടുകൾ ബി.െജ.പിക്ക് ഉറപ്പാക്കുകയും മുസ്ലിം വോട്ടുകളിൽ ഒരു ഭാഗം അടർത്തിയെടുത്ത് ജയം നേടുകയുമാണ് ബി.ജെ.പി ലക്ഷ്യം. 2019ലെ വോട്ടുനില പ്രകാരം ബി.ജെ.പിക്ക് ലീഡുള്ള ഒരു നിയമസഭ മണ്ഡലംപോലും മുസ്ലിം സ്ഥാനാർഥികൾക്ക് കൊടുത്തിട്ടില്ല.
ജനസംഖ്യയുെട രണ്ടിൽ മൂന്നും മുസ്ലിംകളുള്ള മുർഷിദാബാദ് ജില്ലയിലാണ് ബി.ജെ.പി നിർത്തിയ ഒമ്പത് സ്ഥാനാർഥികളിൽ അഞ്ച് പേരും. മുസ്ലിം വോട്ടർമാർ 50 ശതമാനമുള്ള മാൾഡയിൽ രണ്ടും 50 ശതമാനത്തിൽ അൽപം താഴെയുള്ള ഉത്തർദിനാജ്പൂരിൽ രണ്ടും സ്ഥാനാർഥികൾ മുസ്ലിംകളാണ്. ബംഗാളിലെ മൂന്ന് പതിറ്റാണ്ട് കമ്യൂണിസ്റ്റ് ഭരണത്തിന് ശേഷവും രാജ്യത്തെതന്നെ ഏറ്റവും പിന്നാക്ക ജില്ലകളാണിവ.
തൃണമൂൽ ടിക്കറ്റിൽ ജയിച്ച് എം.എൽ.എമാരാകുന്നവർ ബി.ജെ.പിയിൽ പോകാനിടയുണ്ടെന്ന് അബ്ദുൽ വദൂദ് പറഞ്ഞു. തൃണമൂലിനകത്തെ ഹിന്ദുത്വ നേതാക്കളെ കുറിച്ചുള്ള ഈ ആശങ്ക തങ്ങൾക്ക് അനുകൂലമായ അവസരമാക്കി മാറ്റാനുള്ള പ്രയത്നത്തിലാണ് കോൺഗ്രസും ഇടതുപക്ഷവും. സി.പി.എമ്മിെൻറ സമുന്നത നേതാക്കളാണ് മാൾഡയിലും മുർഷിദാബാദിലും ബി.ജെ.പിയിലേക്ക് ചേക്കേറിയത്.
നാല് പതിറ്റാണ്ട് സി.പി.എമ്മിൽ പ്രവർത്തിച്ച ആദിവാസി കമ്യൂണിസ്റ്റ് നേതാവ് ഖഗൻ മുർമു ബി.ജെ.പിയിലേക്ക് ചാടി വടക്കൻ മാൾഡയിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്സഭയിലെത്തിയ കാര്യം വദൂദ് ഓർമിപ്പിച്ചു. അന്ന് ജംഗിപൂർ മണ്ഡലത്തിൽ ബി.ജെ.പി മത്സരിപ്പിച്ചത് ഖഗൻ മുർമുവിനെ പോലെ മറ്റൊരു മുൻ സി.പി.എം നേതാവായ മഹ്ഫൂസ ഖാതൂനെയായിരുന്നു.
ബി.ജെ.പിക്കായി മത്സരിക്കുന്ന മുസ്ലിം സ്ഥാനാർഥികളിൽ ഏറ്റവും ശ്രദ്ധേയ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ ബംഗാളിലെ ഏക മുസ്ലിം സ്ഥാനാർഥിയായിരുന്ന മഹ്ഫൂസ ഖാതൂൻ തന്നെ. എസ്.എഫ്.ഐ കാലം തൊട്ട് കമ്യൂണിസ്റ്റായിരുന്ന മഹ്ഫൂസ സി.പി.എമ്മിെൻറ തീപ്പൊരി പ്രഭാഷകകൂടിയായിരുന്നു.
2001ൽ കുമാർഗഞ്ചിൽനിന്ന് സി.പി.എം ടിക്കറ്റിൽ എം.എൽ.എ ആയി നിയമസഭയിലെത്തിയ വനിതാ സഖാവ് 2006ലും ജയമാവർത്തിച്ചെങ്കിലും 2011ലെ മമത തരംഗത്തിൽ തോൽവി രുചിച്ചു. തുടർന്ന് 2017ലാണ് എല്ലാവരെയും അമ്പരപ്പിച്ച് അവർ ബി.ജെ.പിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.