അയോധ്യ: കൂർത്ത കമ്പിവേലികൾ കാവൽ നിൽക്കുന്ന അയോധ്യയിലെ രാമജന്മഭൂമിയിൽ കാറ്റോ മഴയോ മൂലം സുരക്ഷാസംവിധാനം തകരുമ്പോൾ പൊതുമരാമത്ത് വകുപ്പ് സഹായം തേടുന്ന ഒരാളുണ്ട്. അബ്ദുൽ വാഹിദ്. ഏത് അസമയത്ത് വിളിച്ചാലും തുരുമ്പ് പിടിച്ച ഗോവണിയും പ്ളാസ്മ കട്ടറും ഗ്യസ് റോഡും ചുമന്നുകൊണ്ട് ഇദ്ദേഹം ഓടിവരും.
20 വർഷമായി അബ്ദുൽ വാഹിദാണ് പ്രശ്ന കലുഷിതമായ അയോധ്യ ക്ഷേത്രത്തിലെ വെൽഡർ. ഈ ക്ഷേത്രത്തിലെ സുരക്ഷാജോലികൾ എത്ര പ്രാധാന്യമുള്ളതാണെന്ന് ഇദ്ദേഹത്തിനറിയാം. വെറും 250 രൂപ ദിവസവേതനത്തിന് തന്‍റെ ജോലികൾ സന്തോഷത്തോടെ ചെയ്തുതീർക്കകുയാണ് ഇദ്ദേഹം.
ഹിന്ദുക്കളെല്ലാം തന്‍റെ സഹോദരന്മാരാണെന്നും ചെയ്യുന്ന ജോലിയിൽ അഭിമാനമുണ്ടെന്നും വാഹിദ് പറഞ്ഞു. 2005ൽ ലശ്കറെ ത്വയ്യിബ ക്ഷേത്രത്തിൽ ഗ്രനേഡ് എറിഞ്ഞിരുന്നു. അന്നുമുതൽ തീവ്രവാദികളെ അകറ്റിനിറുത്താനുള്ള സുരക്ഷാ ജോലിയിലാണ്. എന്നെപ്പോലെ സി.ആർ.പി.എഫും പൊലീസും എല്ലാം 24 മണിക്കൂറും ഇവിടെ ജോലി ചെയ്യുകയാണന്നും വാഹിദ് പറയുന്നു.
കുർത്തകളും സാദരികളും (ജാക്കറ്റിന് ഉത്തർ പ്രദേശിൽ പറയുന്ന പേര്) പഗഡികളും തയ്ക്കുകയാണ് സാദിഖ് അലിയുടെ ജോലി. എന്നാൽ അദ്ദേഹത്തിന്‍റെ മനം നിറയുന്നത് രാംലല്ലയുടെ വസ്ത്രങ്ങൾ തുന്നുമ്പോഴാണ്. രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോൾ ക്ഷേത്രത്തിലെ പ്രധാന പുരോഹിതനിൽ നിന്നും ലഭിക്കുന്ന ഓർഡർ സാദിഖിനെ സന്തോഷവാനാക്കുന്നു. ദൈവം ഒന്നേയുള്ളൂ എന്നും അത് എല്ലാവരുടേതുമാണ് എന്നുമാണ് ശിശുവായ രാമന് വസ്ത്രങ്ങൾ തയ്ക്കുമ്പോൾ സാദിഖ് ഓർക്കുക.
50 വർഷങ്ങളായി താനും മകനുൾപ്പെടുന്ന കുടുംബവും ഹിന്ദുക്കൾക്ക് വസ്ത്രങ്ങൾ തയ്ച്ചു കൊടുക്കാറുണ്ട്. 57 വർഷം പഴക്കമുള്ള ബാബു ടെയ്ലേഴ്സ് ഹനുമാൻഗിരി ക്ഷേത്രത്തിന്‍റെ ഉടമസ്ഥതിയിലുള്ള സ്ഥലത്താണ് പ്രവർത്തിക്കുന്നത്. 70 രൂപയാണ് താൻ കടക്ക് വാടക നൽകുന്നതെന്നും അലി പറഞ്ഞു.
സാദിഖിന്‍റെ സുഹൃത്ത് മെഹബൂബിനാണ് രാംലല്ല വിഗ്രഹം സൂക്ഷിച്ച സ്ഥലത്ത് 24 മണിക്കൂറും വെളിച്ചം നൽകേണ്ട ചുമതല. 1995ൽ കമ്മ്യൂണിറ്റി അടുക്കളയിലേക്ക് സീതാകുണ്ഡിൽ നിന്ന് വെള്ളം പമ്പ് ചെയ്തത് ഇദ്ദേഹമായിരുന്നു. 1994മുതൽ പിതാവിനൊപ്പം ഇവിടെ ജോലി ചെയ്യാൻ ആരംഭിച്ചതാണ് മെഹബൂബ്.
ഈ മൂന്ന് പേരും വർഷങ്ങളായി ക്ഷേത്ര ജോലികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. സരയൂവിന്‍റെ തീരത്ത് ഇവർ പുരോഹിതന്മാരോടൊപ്പം സമയം ചിലവിടാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.