ന്യൂഡൽഹി: ഭൂരിപക്ഷമായ മെയ്തേയ്കളും ന്യൂനപക്ഷ ക്രിസ്ത്യൻ കുക്കികളും തമ്മിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ച് മുസ്ലിംകൾ. സംസ്ഥാന ജനസംഖ്യയുടെ 53.5 ശതമാനം മെയ്തേയ്കളും 42 ശതമാനം കുക്കികളുമാണ്.
മുസ്ലിംകളും ഇതര വിഭാഗങ്ങളുമാണ് മറ്റുള്ളവർ. മെയ്തേയ് വിഭാഗത്തിൽനിന്ന് മതം മാറിയ മണിപ്പൂരി മുസ്ലിംകൾ പംഗലുകൾ എന്നാണ് അറിയപ്പെടുന്നത്. മെയ്തേയ് -കുക്കി സംഘർഷത്തെ തുടർന്ന് പലായനം തുടങ്ങിയപ്പോൾ ഇരുകൂട്ടർക്കും പംഗലുകൾ ഭക്ഷണവും വസ്ത്രവും അഭയവും നൽകി. മേയ് നാലിന് ഇംഫാലിലെ ഹറ്റ ഗോപാലപതിയിൽ മെയ്തേയ് ആക്രമണത്തെ തുടർന്ന് കുക്കികൾ കൂട്ട പലായനം നടത്തിയപ്പോൾ 3000ലേറെ കുക്കികൾക്ക് അഭയം നൽകി പംഗലുകൾ മാതൃകയായി. സൈന്യമെത്തിയപ്പോൾ സുരക്ഷിതമായി അവരുടെ കരുതലിലേക്ക് കൈമാറുകയും ചെയ്തു. സമാനമായി, അയൽജില്ലയായ ചുരാചന്ദ്പൂരിൽ മെയ്തേയ്കൾക്കു നേരെ ആക്രമണമുണ്ടായപ്പോൾ 20,000 ഓളം മുസ്ലിംകളുള്ള ക്വാക്റ്റ ഗ്രാമം അവർക്ക് അഭയമരുളി. ഭക്ഷണവും മറ്റു അവശ്യവസ്തുക്കളുമടക്കം നൽകിയും സ്വന്തം ഭവനവും മസ്ജിദും വിട്ടുനൽകിയുമായിരുന്നു സഹായം.
പരിസരത്തെ കുക്കി ഗ്രാമങ്ങൾക്കുനേരെ മെയ്തേയ് ആക്രമണം തടയുന്നതിലും അവർ മുന്നിൽനിന്നു. സാഹോദര്യത്തോടെ കഴിഞ്ഞവരാണ് തങ്ങളെന്ന് മണിപ്പൂർ ജംഇയ്യത്തു ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന സയ്യിദ് അഹ്മദ്, മുസ്ലിം സംഘടനകളുടെ ഏകോപന സമിതി പ്രസിഡന്റ് എസ്.എം. ജലാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ സർവമത പ്രാതിനിധ്യമുള്ള സംഘടനകളും സഹായഹസ്തവുമായി മുന്നിൽനിന്നിരുന്നു.
ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ നിരവധി ബസുകൾക്കും വീടുകൾക്കും കടകൾക്കും തീയിട്ടു. മ്യാന്മർ അതിർത്തിയിലെ മൊറേഹ് ബസാറിൽ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് വ്യാപകമായി അഗ്നിക്കിരയായത്. തടയാനെത്തിയ സുരക്ഷാ സൈനികരും അക്രമികളും തമ്മിൽ വെടിവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആളപായം അറിവായിട്ടില്ല.
കാങ്പോക്പിയിലെ സപോർമീനയിൽ സുരക്ഷാ സൈനികർക്ക് സഞ്ചരിക്കാനായി എത്തിച്ച നിരവധി ബസുകൾ തീയിട്ടു. ദിമാപൂരിൽനിന്ന് വരുകയായിരുന്ന ബസുകൾ തടഞ്ഞുനിർത്തി പ്രത്യേക സമുദായക്കാരുണ്ടോയെന്ന് പരിശോധിക്കുന്നുവെന്ന പേരിലാണ് ഒരു സംഘം അഗ്നിക്കിരയാക്കിയത്. അതിനിടെ, വീടുകൾ നഷ്ടമായവർക്കായി ഇംഫാലിലെ സജിവയിലും തൂബാലിലെ യെയ്തിബി ലൂകോളിലും താൽക്കാലിക വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അറിയിച്ചു. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈകാതെ ഇവിടങ്ങളിലേക്ക് മാറാനാകുമെന്നും അദ്ദേഹം പറഞ്ഞു. 3,000-4,000 താൽക്കാലിക വീടുകളാണ് സംസ്ഥാന സർക്കാർ നിർമിക്കുന്നത്.
വാഷിങ്ടൺ: മണിപ്പൂരിൽ രണ്ടു സ്ത്രീകളെ നഗ്നരായി തെരുവിൽ നടത്തിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ ഞെട്ടലും ഭീതിയുമറിയിച്ച് യു.എസ്. മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവം ആഴ്ചകൾ കഴിഞ്ഞ് ജൂലൈ 19നാണ് പുറത്തെത്തിയത്. ‘‘മണിപ്പൂരിൽ നടന്ന കൊടിയ ആക്രമണത്തിന്റെ വിഡിയോ ഞങ്ങളെ ഞെട്ടിക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്യുന്നതായി. ഈ അക്രമത്തിലെ ഇരകളോട് അനുതാപമറിയിക്കുന്നു. ഇവർക്ക് നീതി ലഭ്യമാക്കാൻ ഇന്ത്യൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയും അറിയിക്കുന്നു’’- അമേരിക്കൻ വിദേശകാര്യ വകുപ്പ് ഉപവക്താവ് വേദാന്ത പട്ടേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.