ബംഗളൂരു: മൈസൂരു-ബംഗളൂരു പത്തുവരി അതിവേഗപാതയിൽ 2023 ജനുവരി മുതൽ ഇതുവരെ ഉണ്ടായത് 132 വാഹനാപകടങ്ങൾ. യാത്രക്കാരുടെ മരണത്തിനിടയാക്കിയ അപകടങ്ങളാണിവ. പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്തത് മാർച്ച് 12നാണ്. അന്നുമുതൽ ഉണ്ടായത് ഇതുവരെയുള്ളത് നൂറു അപകടങ്ങളാണ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ പാത ഭാഗികമായി തുറന്നുകൊടുത്തിരുന്നു.
അപകടങ്ങൾ കൂടിയതോടെ പൊലീസും വാഹന ഗതാഗതവകുപ്പും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പാതയിൽ ചന്നപട്ടണ മുതൽ മാണ്ഡ്യ വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടമരണങ്ങൾ നടന്നത്. ജൂൺ 30 വരെ ഈ ഭാഗത്ത് 172 അപകടങ്ങളിലായി 49 പേരാണ് മരിച്ചത്. സർവിസ് റോഡുകൾ, സുരക്ഷ-സൂചക ബോർഡുകൾ, പൊലീസ് സുരക്ഷ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കഴിഞ്ഞ ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി പെട്ടെന്ന് പാത ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.
ഇത്രയധികം വേഗതയുള്ള ഒരു പാതക്ക് ആവശ്യമായ രൂപത്തിൽ ഇവിടെ സൂചന ബോർഡുകൾ ഇല്ലെന്ന് ട്രാഫിക് ആൻഡ് റോഡ് സേഫ്ടി എ.ഡി.ജി.പി അലോക് കുമാർ പറയുന്നു. വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാതയുടെ പ്രത്യേകതയും അപകടത്തിനിടയാക്കുന്നു. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും വലിയ അളവിൽ അപകടങ്ങൾക്കിടയാക്കുന്നുണ്ട്. മുംബൈ-പുണെ പോലുള്ള മറ്റ് അതിവേഗപാതകളിലും തുടക്കത്തിൽ അപകടങ്ങൾ ഏറെയായിരുന്നുവെന്നും പിന്നീട് ജനങ്ങൾ ശ്രദ്ധിച്ചതിനാൽ അപകടങ്ങൾ കുറഞ്ഞുവെന്നും അധികൃതർ പറയുന്നു. 8480 കോടി രൂപയാണ് 118 കിലോമീറ്ററുള്ള പാതയുടെ നിർമാണച്ചെലവ്.
പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സർവിസ് റോഡുകളുമാണുള്ളത്. പണി പൂർത്തിയായ ഭാഗങ്ങൾ ഉദ്ഘാടനത്തിനു മുമ്പ് തന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. അന്നുമുതൽ അപകടങ്ങളും ഏറി. ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അടിപ്പാതകൾ, 11 മേൽപാതകൾ, അഞ്ച് ബൈപാസുകൾ എന്നിവയടങ്ങിയതാണ് അതിവേഗ പാത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.