കൊൽക്കത്ത: പട്ടാളത്തിന് അമിതാധികാരം നൽകുന്ന നിയമമായ 'അഫ്സ്പ' പിൻവലിക്കാനുള്ള സമയം അതിക്രമിച്ചെന്ന് തെളിയിക്കുന്നതാണ് നാഗാലാൻഡിൽ സൈനിക നടപടിയിൽ 14 സാധാരണക്കാർ കൊല്ലപ്പെട്ട സംഭവമെന്ന് ആക്ടിവിസ്റ്റ് ഇറോം ശർമിള. ഈ കൂട്ടക്കൊലക്ക് ശേഷമെങ്കിലും ഭരണാധികാരികൾ കണ്ണുതുറക്കണമെന്ന് അവർ പറഞ്ഞു. മണിപ്പൂരിൽ അഫ്സ്പക്കെതിരെ 16 വർഷം നീണ്ട നിരാഹാരസമരം ഇറോം ഷർമിള നടത്തിയിരുന്നു.
അഫ്സ്പ ഒരു അടിച്ചമർത്തൽ നിയമം മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനം കൂടിയാണെന്ന് ഇറോം ഷർമിള പറഞ്ഞു. നാഗാലാൻഡ് സംഭവത്തിന് ശേഷമെങ്കിലും കണ്ണു തുറക്കണം. മനുഷ്യജീവനുകളെ ഇത്ര വിലകുറച്ച് കാണരുത്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഇത് എത്രകാലം സഹിച്ച് മുന്നോട്ടുപോകാൻ സാധിക്കും? തീവ്രവാദത്തിനെതിരായ പോരാട്ടമെന്ന പേരിൽ നിങ്ങൾക്ക് മനുഷ്യന്‍റെ അടിസ്ഥാന അവകാശങ്ങൾ കവരാനാവില്ല. തീവ്രവാദത്തെ നേരിടാൻ മറ്റ് വഴികളുണ്ട്.
1958ൽ അഫ്സ്പ പാസ്സാക്കിയതിനും പിന്നീട് നടപ്പാക്കിയതിനും ശേഷം, അതിന്‍റെ ലക്ഷ്യം എപ്പോഴെങ്കിലും നേടാൻ സാധിച്ചിട്ടുണ്ടോ. ഇല്ലായെന്നാണെങ്കിൽ അത് ജനങ്ങളിൽ അടിച്ചേൽപ്പിച്ചിട്ട് എന്ത് പ്രയോജനം. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും ചർച്ച ചെയ്ത് അഫ്സ്പയുടെ കാര്യത്തിൽ പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു -ഇറോം ഷർമിള പറഞ്ഞു.
സംഘർഷ മേഖലകളിൽ സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന 1958ലെ നിയമമാണ് 'അഫ്സ്പ' അഥവാ 'ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്'. 'സംഘർഷ ബാധിത മേഖലക'ളായി തരംതിരിച്ച പ്രദേശങ്ങളിലാണ് ഈ നിയമം നടപ്പാക്കുന്നത്.
ഇവിടെ സൈന്യത്തിനും പൊലീസിനും വെടിവെപ്പ് നടത്താനും വീടുകളിൽ തിരച്ചിൽ നടത്താനുമുള്ള അധികാരമുണ്ടായിരിക്കും. തീവ്രവാദം, ഭീകരത, രാജ്യത്തിെൻറ അഖണ്ഡതക്കുള്ള വെല്ലുവിളി തുടങ്ങിയ സാഹചര്യങ്ങളിൽ നിയമം നടപ്പാക്കാം. സംശയത്തിെൻറ പേരിൽ പോലും വാറൻറില്ലാതെ അറസ്റ്റു ചെയ്യാം.
സേനയുടെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിയമ പരിരക്ഷ ലഭിക്കും. നിലവിൽ അസം, നാഗാലാൻഡ് (ഇംഫാൽ മുനിസിപ്പൽ കൗൺസിൽ മേഖല ഒഴികെ) എന്നിവിടങ്ങളിലും അരുണാചൽ പ്രദേശിലെ ചില ജില്ലകളും അതിർത്തി പ്രദേശങ്ങളിലും ഈ നിയമമുണ്ട്. ക്വിറ്റ് ഇന്ത്യ സമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ 1942ൽ കൊണ്ടുവന്ന ഓർഡിനൻസിെൻറ തുടർച്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.