ന്യൂഡൽഹി: നാഗാലാൻഡിൽ സുക്ഷാസേന നടത്തിയ വെടിവെപ്പിൽ 12 ഗ്രാമീണരും സൈനികനും കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. 'ഇത് ഹൃദയഭേദകമാണ്. കേന്ദ്ര സർക്കാർ ഇതിന് മറുപടി പറയണം' - അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടു.
നമ്മുടെ സ്വന്തം മണ്ണിൽ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്തപ്പോൾ ആഭ്യന്തര മന്ത്രാലയം എന്തെടുക്കുകയാണെന്നും അദ്ദേഹം ചോദിച്ചു. ശനിയാഴ്ച വൈകീട്ടാണ് നാഗാലാൻഡ് മോൺ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തിൽ വെടിവെപ്പുണ്ടായത്. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ട്രക്കിൽ സഞ്ചരിച്ചിരുന്ന ഗ്രാമീണർക്കെതിരെ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. കൽക്കരി ഖനിയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.
വെടിവെപ്പിനെ അപലപിച്ച് സുരക്ഷാ സേന രംഗത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണൽ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്തമാക്കി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ നടത്തിയത്. സുരക്ഷാസേനയിലെ ചില അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിനെ അപലപിക്കുകയാണെന്നും ഉന്നത സംഘം അന്വേഷണം നടത്തുമെന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെഫു റിയോ പറഞ്ഞു. രാജ്യത്തെ നിയമമനുസരിച്ച് എല്ലാവർക്കും നീതി ഉറപ്പാക്കും. ജനങ്ങളെല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വെടിവെപ്പിനെ അപലപിച്ച് രംഗത്തെത്തി. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയാണ്. പ്രത്യേക സംഘം വെടിവെപ്പ് അന്വേഷിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.