കൊഹിമ: നാഗാലാൻഡിലെ മോണിൽ വെടിവെക്കും മുമ്പ് ഗ്രാമീണരെ തിരിച്ചറിയാൻ സൈന്യം ശ്രമം നടത്തിയില്ലെന്നും മൃതദേഹങ്ങൾ ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ച് പട്ടാള ക്യാമ്പിലേക്ക് മാറ്റാൻ ശ്രമിച്ചെന്നും റിപ്പോർട്ട്. കൊലപാതകത്തെ കുറിച്ച് അന്വേഷിച്ച ഡി.ജി.പി ലോങ്കുമാറും കമീഷണർ റൊവിലാറ്റുവോ മോറും സംയുക്തമായി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം. ദൃക്സാക്ഷികളെ ഉദ്ധരിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്:
''ഡിസംബർ നാലിന് വൈകീട്ട് 4.10ന് തിരുവിലെ കൽക്കരി ഖനന ജോലി കഴിഞ്ഞ് പിക്അപ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആറ് ഗ്രാമീണരെ തിരിച്ചറിയാൻ ശ്രമിക്കാതെ 21ാം പാരാ സ്പെഷൽ ഫോഴ്സസ് പതിയിരുന്ന് വെടിവെച്ചു. കൊല്ലപ്പെട്ടവരെല്ലാം നിരായുധരായ സാധാരണക്കാരാണ്. ഇവരിൽ ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. വെടിയൊച്ച കേട്ട് ഗ്രാമവാസികൾ സ്ഥലത്തെത്തിയപ്പോൾ സൈന്യം ഗ്രാമീണരുടെ മൃതദേഹങ്ങൾ ടാർപോളിൻ ഷീറ്റ് കൊണ്ട് പൊതിഞ്ഞ് മറ്റൊരു പിക്അപ് ട്രക്കിൽ കയറ്റി പട്ടാള ക്യാമ്പിലേക്ക് മാറ്റാൻശ്രമിക്കുന്നതായി കണ്ടെത്തി. ഇതോടെ ഗ്രാമവാസികളും സുരക്ഷാസേനയും തമ്മിൽ സംഘർഷമുണ്ടായി. രോഷാകുലരായ ആളുകൾ സുരക്ഷാസേനയുടെ മൂന്ന് വാഹനങ്ങൾക്ക് തീയിട്ടു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രാമവാസികൾക്ക് നേരെ വീണ്ടും വെടിയുതിർത്തു. ഇത് ഏഴ് ഗ്രാമീണരുടെ മരണത്തിലേക്ക് നയിച്ചു. തീർത്തും വിവേചനരഹിതമായാണ് സേന വെടിയുതിർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
രോഷാകുലരായ ജനക്കൂട്ടം തംനാൻ വാർഡിലെ 27 അസം റൈഫിൾസ് ക്യാമ്പിലേക്ക് പോകും മുമ്പാണ് കൊന്യാക് യൂനിയൻ ഓഫിസ് തകർത്തത്. ജനക്കൂട്ടം ക്യാമ്പിലേക്ക് കല്ലെറിയുകയും വസ്തുവകകൾ നശിപ്പിക്കുകയും മൂന്ന് കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തു. അസം റൈഫിൾസ് ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തത് ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു. ഒരു മണിക്കൂറിന് ശേഷം, അസം റൈഫിൾസിെൻറ തുടർച്ചയായ രണ്ടാം റൗണ്ട് വെടിവെപ്പിെൻറ ഫലമായി ജനക്കൂട്ടം ചിതറിയോടി. വെടിവെപ്പ് അവസാനിച്ചതിന് ശേഷം, ചി ഗ്രാമത്തിൽനിന്നുള്ള പ്രതിഷേധക്കാരനെ സംഭവസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൂടാതെ ഇന്ത്യ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് വെടിയേറ്റതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.