ന്യൂഡൽഹി: ഇംഗ്ലീഷ് ഭാഷാ പഠനത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി പുതിയ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകി എൻ.സി.ആർ.ടി. ഇത് ‘ഹിന്ദി കൊളോണിയലിസം’ പ്രോത്സാഹിപ്പിക്കുന്നതായി വിമർശനമുയർത്തുന്നു.
തമിഴ്‌നാട് സർക്കാർ സ്‌കൂളുകൾക്കായുള്ള കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിനെതിരെ പോരാടുന്ന സമയത്താണ് ഈ വിവാദം ഉണ്ടാകുന്നത്. ഇത് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഗൂഢശ്രമമാണെന്നും ആരോപിക്കപ്പെടുന്നു. ഇതുവരെ, എൻ.സി.ആർ.ടി.യുടെ ഭാഷാ പഠന പുസ്തകങ്ങളിൽ ഒരേ ഭാഷയിലാണ് പേരുകൾ ഉണ്ടായിരുന്നത്.
ഉദാഹരണത്തിന്, കഴിഞ്ഞ വർഷം വരെ ഇംഗ്ലീഷിനായുള്ള ആറാം ക്ലാസിലെയും ഏഴാം ക്ലാസിലെയും പഴയ പാഠപുസ്തകങ്ങൾക്ക് യഥാക്രമം ‘ഹണിസക്കിൾ’, ‘ഹണികോമ്പ്’ എന്നീ പേരുകൾ ഉണ്ടായിരുന്നു. രണ്ട് ക്ലാസുകൾക്കുമുള്ള പുതിയ ഇംഗ്ലീഷ് ഭാഷാ പാഠപുസ്തകങ്ങളുടെ പേര് ‘പൂർവി’ എന്നാണ്. ഇത് ‘കിഴക്കൻ’ എന്നർത്ഥമുള്ള ഒരു ഹിന്ദി പദവും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഒരു രാഗത്തിന്റെ പേരും കൂടിയാണിത്.
ഒന്ന്, രണ്ട് ക്ലാസുകളിലെ ഇംഗ്ലീഷ് ഭാഷാ പാഠപുസ്തകങ്ങളുടെ പേര് ‘മൃദംഗ്’ എന്നും മൂന്ന്, നാല് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പേര് ‘സന്തൂർ’ എന്നും പുനഃർനാമകരണം ചെയ്തിട്ടുണ്ട്. രണ്ടും സംഗീത ഉപകരണങ്ങളുടെ പേരുകളാണ്.
ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, കല, ശാരീരിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾക്ക് ഉന്നത പാഠപുസ്തകം തയ്യാറാക്കുന്ന സംഘടന ഇംഗ്ലീഷ്, ഹിന്ദി, ഉറുദു പതിപ്പുകളിലാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്. പരമ്പരാഗതമായി ഈ പുസ്തകങ്ങൾക്ക് ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലാണ് പേരുകൾ ഉണ്ടായിരുന്നത്, അവ പ്രസിദ്ധീകരിച്ച ഭാഷയുമായി പൊരുത്തപ്പെടുന്നതായിരുന്നുവെന്ന് വിരമിച്ച ഒരു എൻ.സി.ആർ.ടി പ്രഫസർ പറഞ്ഞു,
ഉദാഹരണത്തിന്, ആറാം ക്ലാസിലെ മുൻ ഗണിത പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് ‘മാത്തമാറ്റിക്സ്’, ഹിന്ദി പതിപ്പിന് ‘ഗാനിത്’, ഉറുദു പതിപ്പിന് ‘റിയാസി’ എന്നീ പേരുകൾ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം, എൻ.സി.ആർ.ടി ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകൾക്ക് ഗണിത പ്രകാശ് എന്ന പേര് മാറ്റി. എൻ.സി.ആർ.ടി പാരമ്പര്യം മാറ്റി. അവർ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമല്ലെന്നും വിരമിച്ച പ്രഫസർ പറഞ്ഞു.
എൻ.സി.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി എഴുതിയ ആറാം ക്ലാസ് ഇംഗ്ലീഷ് ഭാഷാ പാഠപുസ്തകത്തിന്റെ ആമുഖവും അക്കാദമിക് കോർഡിനേറ്റർ കീർത്തി കപൂറിന്റെ ‘എബൗട്ട് ദി ബുക്ക്’ എന്ന ആമുഖവും ‘പൂർവി’ എന്ന ഹിന്ദി പേര് എന്തിനാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്നില്ല.
എന്നാൽ, ചില ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾ ഹിന്ദി ‘ആക്രമണ’ത്തിൽ നിന്ന് രക്ഷപ്പെട്ടു. ആറാം ക്ലാസിലെ പുതിയ ശാസ്ത്ര പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് മുമ്പ് ‘സയൻസ്’ എന്നായിരുന്നു. അതിന് ‘ക്യൂരിയോസിറ്റി’ എന്ന പുതിയ ഇംഗ്ലീഷ് പേര് നൽകിയിട്ടുണ്ട്. ഹിന്ദി, ഉറുദു പതിപ്പുകൾ ‘ജിഗ്യാസ ആൻഡ് തജാസ്സസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
ആറാം ക്ലാസിലെ പുതിയ സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന തലക്കെട്ടിലാണ് വരുന്നത്. ഹിന്ദി പതിപ്പ് ‘സമാജ് കാ അധ്യായൻ: ഭാരത് ഔർ ഉസ്കെ ആഗെ’ എന്നാണ് പേരിട്ടിരിക്കുന്നത്.
2006ൽ എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തക വികസന സംഘത്തിൽ അംഗമായിരുന്ന ഡൽഹി സർവകലാശാലയിലെ ചരിത്ര പ്രഫസറായ അപൂർവാനന്ദ് ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ പുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകുന്ന രീതിയെ ചോദ്യം ചെയ്തു.
‘ഇത് ഹിന്ദി കൊളോണിയലിസമാണ്. എൻ.സി.ഇ.ആർ.ടി അത് അശ്ലീലമായ രീതിയിലാണ് ചെയ്യുന്നത്’ എന്ന് അദ്ദേഹം പറഞ്ഞു. എൻ.സി.ഇ.ആർ.ടി തലക്കെട്ടുകൾ നൽകുന്ന രീതിയിലൂടെ തമിഴ്‌നാട് ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദി സംസാരിക്കാത്തവർക്ക് അവർ തന്ത്രപരമായ രീതിയിൽ ഹിന്ദി പരിചയപ്പെടുത്തുകയാണ്. ഒരു പുസ്തകത്തിന്റെ തലക്കെട്ട് ഉള്ളടക്കത്തിന് അനുയോജ്യമായിരിക്കണം. ‘പൂർവി’, ‘സന്തൂർ’ പോലുള്ള തലക്കെട്ടുകൾ ഉള്ളടക്കത്തെ പ്രതിനിധാനം ചെയ്യുന്നില്ല. അതിനാൽ അവ തെറ്റിദ്ധരിപ്പിക്കുന്നതാണ്’ എന്ന് ജെ.എൻ.യു.വിൽ നിന്ന് വിരമിച്ച ഭാഷാശാസ്ത്ര പ്രഫസർ അൻവിത അബ്ബി പ്രതികരിച്ചു. കൂടാതെ, പഠന മാധ്യമം ഇംഗ്ലീഷായിരിക്കുമ്പോൾ തലക്കെട്ട് ഇംഗ്ലീഷിലായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
അബ്ബി മറ്റൊരു കാര്യം കൂടി ഉന്നയിക്കുന്നു. ‘ഗണിത പ്രകാശി’ന്റെ ഗണിതം പോലുള്ള ചില ഹിന്ദി പദങ്ങളുടെ ശരിയായ ഉച്ചാരണം അറിയിക്കുന്നതിൽ റോമൻ ലിപിയുടെ അപര്യാപ്തതയാണത്. ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഹിന്ദി തലക്കെട്ടുകൾ റോമൻ ലിപിയിലാണ് എഴുതിയിരിക്കുന്നത്.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി 2023 മുതൽ എൻ.സി.ഇ.ആർ.ടി പുതിയ പാഠപുസ്തകങ്ങളുടെ ഒരു പരമ്പര പ്രസിദ്ധീകരിച്ചുവരികയാണ്. 2023ൽ ഒന്ന്, രണ്ട് ക്ലാസുകൾക്കുള്ള പുതിയ പാഠപുസ്തകങ്ങൾ പുറത്തിറക്കിയപ്പോൾ, 2024ൽ III, VII ക്ലാസുകൾക്ക് പുതിയ പുസ്തകങ്ങൾ ലഭിച്ചു. ഇപ്പോൾ എൻസിആർടി IV, V, VII, VIII ക്ലാസുകൾക്കായി പുതിയ പുസ്തകങ്ങൾ പുറത്തിറക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.