ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ഗ്രേസ് മാർക്ക് പിൻവലിച്ചിട്ടും അണയാതെ പ്രതിഷേധം. മൂന്നാം മോദി സർക്കാറിന്റെ ആദ്യ പാർലമെന്റ് സമ്മേളനം അടുത്ത ആഴ്ച നടക്കാനിരിക്കെ നീറ്റ് വിഷയത്തിൽ സഭ പ്രക്ഷുബ്ദമാകുമെന്ന സൂചന നൽകി കോൺഗ്രസ്.
ഗ്രേസ് മാർക്ക് മാത്രമല്ല വിഷയമെന്നും രാജ്യത്തെ വിദ്യാർഥികളുടെ രോഷം പാർലമെന്റിൽ പ്രതിധ്വനിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച വ്യക്തമാക്കി.
നീറ്റ് പരീക്ഷയിൽ കൃത്രിമം നടന്നിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നു. പരീക്ഷാ കേന്ദ്രങ്ങളും കോച്ചിങ് സെന്ററുകളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. പണം കൊടുക്കുക, പേപ്പർ എടുക്കുക എന്ന കളിയാണ് നടക്കുന്നത്. 24 ലക്ഷം വിദ്യാർഥികളുടെ ഭാവിയാണ് മോദി അപകടത്തിലാക്കിയത്. ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) ഡയറക്ടറെ നീക്കം ചെയ്യണമെന്നും സുപ്രീം കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
എൻ.ടി.എയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണവും നീതിയുക്തമാകില്ലെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി വ്യക്തമാക്കി. എൻ.ടി.എ ഡയറക്ടറെ മാറ്റണം. പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് ഉപദേശം നൽകുന്ന പ്രധാനമന്ത്രി ബിരുദ വിദ്യാർഥികൾക്ക് ഉണ്ടാക്കിയ മാനസിക സമ്മർദം മറക്കരുതെന്നും കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ കക്ഷികളായ ഡി.എം.കെയും തൃണമൂൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും വിഷയം ഉയർത്തി രംഗത്തുണ്ട്. പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം ഉയർന്നതും ഇൻഡ്യ മുന്നണിക്ക് കീഴിൽ ഒറ്റക്കെട്ടായി നിൽക്കുന്നതും പാർലമെന്റ് സമ്മേളനത്തിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ സൂചന നൽകി. നീറ്റ് വിഷയത്തിൽ വ്യാഴാഴ്ച ഡൽഹി, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ വിദ്യാർഥി പ്രതിഷേധം അരങ്ങേറി.
അതിനിടെ, എൻ.ടി.എയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കേസിലെ ഹരജിക്കാരനും എഡു-ടെക് സ്ഥാപകനുമായ ഫിസികസ് വാല സി.ഇ.ഒ അലക് പാണ്ഡെ എക്സിൽ കുറിച്ചു. നിലവിൽ പുറത്തുവരാത്ത മറ്റെന്തെങ്കിലും ഉണ്ടോ എന്നതാണ് ചോദ്യം. എൻ.ടി.എയെ വിശ്വാസത്തിലെടുക്കാൻ പ്രയാസമുണ്ട്. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് വാദം തുടരുമെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.