നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേന്ദ്രത്തോട് ചോദ്യങ്ങൾ കടുപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പരീക്ഷക്ക് കേവലം 45 മിനിറ്റ് മുമ്പ് നീറ്റ് യു.ജി ചോദ്യപേപ്പർ ചോർത്തിക്കിട്ടാൻ ആരെങ്കിലും 75 ലക്ഷം രൂപ വരെ കൊടുക്കുമോ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. ചോർച്ചയുമായി ബന്ധപ്പെട്ട വിശദീകരണങ്ങളിൽ തൃപ്തരാകാതിരുന്ന ബെഞ്ച് വ്യാഴാഴ്ച ഇതടക്കം കേന്ദ്രത്തോടുള്ള ചോദ്യങ്ങൾ കടുപ്പിച്ചു.

ഹരജിക്കാരുടെ അഭിഭാഷകർ കേന്ദ്രത്തിന്റെയും എൻ.ടി.എയുടെയും വാദങ്ങൾ സമർഥമായി ഖണ്ഡിച്ചപ്പോഴാണ് സുപ്രീംകോടതി കടുത്ത ചോദ്യങ്ങളിലേക്ക് കടന്നത്. പല ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിക്കും സോളിസിറ്റർ ജനറൽ തുഷാർ മേത്തക്കും കഴിഞ്ഞതുമില്ല.

എവിടെയാണ് ചോർച്ച നടന്നതെന്ന് ചോദിച്ചപ്പോൾ ചോർച്ചയല്ല, വീഴ്ചയാണുണ്ടായതെന്നായിരുന്നു തുഷാർ മേത്തയുടെ മറുപടി. അതെപ്പോഴാണ് നടന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ പരീക്ഷ നടന്ന മേയ് അഞ്ചിന് രാവിലെ 8.02നും 9.23നുമിടയിൽ എന്ന് മേത്ത ഉത്തരം നൽകി. 10നും 10.15നും ഇടയിലാണ് അവ വിദ്യാർഥികളിലെത്തിയതെന്ന് പറഞ്ഞപ്പോൾ കേവലം 45 മിനിറ്റ് കൊണ്ട് എല്ലാ ചോദ്യപേപ്പറും ഉത്തരം കണ്ടെത്തി പഠിപ്പിച്ചുവെന്നത് വിശ്വസിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു മണിക്കൂർകൊണ്ട് എന്ന് മേത്ത പറഞ്ഞപ്പോൾ അതും വിശ്വസിക്കാനാവില്ലെന്നായി ചീഫ് ജസ്റ്റിസ്.

ഒ.എം.ആർ ഷീറ്റ് പൂരിപ്പിക്കാനും നേരത്തേ ചോർന്ന് കിട്ടണം

ചോർച്ച പട്നയിലും ഹസാരിബാഗിലും മാത്രമേ നടന്നിട്ടുള്ളൂ, ഗോധ്രയിൽ ഉണ്ടായില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽനിന്ന് വിദ്യാർഥികളെ ഗോധ്രയിലേക്ക് കൊണ്ടുവരുന്ന ഗൂഢാലോചന ഒരു മാസം മുമ്പ് പുറത്തുവന്നിട്ടുണ്ടെന്ന് പറഞ്ഞ് അഭിഭാഷകർ ഇതിനെ ഖണ്ഡിച്ചു. ഗോധ്രയിൽ ഒന്നും സംഭവിച്ചില്ലെന്നും ഫിസിക്സ്, കെമിസ്ട്രി അധ്യാപകർ ഉത്തരക്കടലാസ് പൂരിപ്പിച്ചുകൊടുക്കുകയാണ് ചെയ്തതെന്നും മേത്ത പറഞ്ഞപ്പോൾ ഒ.എം.ആർ ഷീറ്റ് പൂരിപ്പിക്കാനും അധ്യാപകർക്ക് നേരത്തേ ചോദ്യപേപ്പർ ചോർന്ന് കിട്ടണമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. എന്നു മുതലാണ് എൻ.ടി.എ നീറ്റ് നടത്താൻ തുടങ്ങിയതെന്നും അന്നു മുതൽ ചോദ്യപേപ്പർ വിതരണം സ്വകാര്യ കൊറിയർ കമ്പനിക്കാണോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

നീറ്റ് പരീക്ഷക്ക് ഓരോ കുട്ടികളിൽനിന്നും വാങ്ങുന്ന ഫീസ് എത്രയാണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ജനറൽ കാറ്റഗറിയിൽ 1700 രൂപയെന്ന് എ.ജി മറുപടി നൽകി. അപ്പോൾ നീറ്റ് പരീക്ഷയിൽനിന്ന് സർക്കാർ എത്ര വരുമാനമുണ്ടാക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പരീക്ഷ ഫീസിനത്തിൽ 400 കോടി വരുമാനമുണ്ടെന്നും അതിൽ 300 കോടി ചെലവുണ്ടെന്നും മേത്ത മറുപടി നൽകി.

കേന്ദ്രത്തിന്റെ വാദം പൊളിച്ച് ഹരജിക്കാരുടെ അഭിഭാഷകർ

ന്യൂഡൽഹി: പുനഃപരീക്ഷ നടത്താതിരിക്കാൻ നീറ്റ് യു.ജി ചോർച്ച പരിമിതമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച കേന്ദ്രത്തിന്റെ വാദം ഹരജിക്കാരുടെ അഭിഭാഷകർ പൊളിച്ചു. അതിനായി അവർ നിരത്തിയ വാദഗതികൾ:

1. ടെലിഗ്രാമിൽ ചോർന്നത് നീറ്റ് യു.ജി പരീക്ഷയുടെ യഥാർഥ ചോദ്യപേപ്പർ തന്നെയാണ്. പുറത്തുവന്ന ചോദ്യപേപ്പർ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന വാദം തെറ്റാണ്. യഥാർഥ ചോദ്യപേപ്പർ മേയ് നാലിന് ഒമ്പതു മണിക്ക് ടെലിഗ്രാമിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെലിഗ്രാമിൽ തീയതി തിരുത്തിയെന്ന എൻ.ടി.എയുടെയും കേന്ദ്രത്തിന്റെയും വാദവും ശരിയല്ല. കാരണം എഡിറ്റ് ചെയ്താലും ആദ്യം പോസ്റ്റ് ചെയ്ത തീയതി മാറ്റാൻ കഴിയില്ല.

2. യഥാർഥത്തിൽ മേയ് മൂന്നിന് മുമ്പ് ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. അതുകൊണ്ടാണ് മേയ് നാലിന് ടെലിഗ്രാമിലും ബിഹാറിലെ പഠനകേന്ദ്രത്തിലും എത്തിയതും കുട്ടികൾക്ക് അത് മനഃപാഠം പഠിക്കാനായതും. ചോദ്യപേപ്പർ കനറ ബാങ്കിലും എസ്.ബി.ഐയിലുമെത്തിയത് മേയ് മൂന്നിനാണ്. ബാങ്കുകളിൽനിന്ന് പരീക്ഷ ദിവസമാണ് ഉദ്യോഗസ്ഥർ ചോദ്യപേപ്പർ സ്വീകരിച്ചത്. അതിനു മുമ്പ് ചോരാതെ മേയ് മൂന്നിനും നാലിനും കുട്ടികളിലേക്കെത്തില്ല.

3. അടച്ചുപൂട്ടിയ വാഹനത്തിൽ സുരക്ഷാസന്നാഹത്തോടെയാണ് ചോദ്യപേപ്പറുകൾ കൊണ്ടുവന്നതെന്ന വാദവും തെറ്റാണ്. തുറന്നിട്ട ഇ- റിക്ഷയിലാണ് ഹസാരിബാഗിൽ കൊണ്ടുവന്നത്. സി.സി.ടി.വി ഇല്ലാത്ത പരീക്ഷ കേന്ദ്രങ്ങളുമുണ്ടായിരുന്നു.

4. മൂന്നിന് ഹസാരിബാഗിൽ ചോർന്ന ചോദ്യപേപ്പർ പട്നയിൽ നാലിനെത്തി എന്ന് എഫ്.ഐ.ആറിലുണ്ട്. സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാണ്.

Tags:    
News Summary - NEET question paper leak: Supreme Court questions Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.