വരാനിരിക്കുന്ന പോസ്റ്ററുകളിൽ നെഹ്റുവും ഉണ്ടെന്ന്; ചരിത്രനിഷേധത്തെ ന്യായീകരിച്ച് ഐ.സി.എച്ച്.ആർ

ന്യൂഡൽഹി: 'ആസാദി കാ അമൃത്​ മഹോത്സവ്' പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ സംഭവത്തിൽ ന്യായീകരണവുമായി ഇന്ത്യൻ കൗൺസിൽ ഓഫ്​ ഹിസ്​റ്റോറിക്കൽ റിസർച്​ (ഐ.സി.എച്ച്​.ആർ). വരാനിരിക്കുന്ന പോസ്റ്ററുകളിൽ നെഹ്റുവും ഉൾപ്പെടുന്നുണ്ടെന്നും ഇപ്പോഴത്തെ വിവാദം അപക്വമാണെന്നും ഐ.സി.എച്ച്​.ആർ ഡയറക്ടർ ഓംജീ ഉപാധ്യായ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കുകയും ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ താത്വികാചാര്യൻ വി.ഡി സവർക്കറെ ഉൾപ്പെടുത്തുകയും ചെയ്തത് വ്യാപക വിമർശനം ഉയർന്നിരുന്നു.

'ആസാദി കാ അമൃത്​ മഹോത്സവിന്‍റെ ആദ്യ പോസ്റ്റർ മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയത്. നിരവധി പോസ്റ്ററുകൾ ഇനി വരാനുണ്ട്. അവ തയാറായിക്കൊണ്ടിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റർ മാത്രം കണ്ട് വിമർശനം ഉന്നയിക്കുന്നത് അപക്വമാണ്. വരുംദിവസങ്ങളിലെ പോസ്റ്ററിൽ ജവഹർലാൽ നെഹ്റുവും ഉണ്ടാകും' -ഓംജീ ഉപാധ്യായ് പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിലെ ആരുടെയെങ്കിലും പങ്കിനെ ഇകഴ്ത്തിക്കാണിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. ഇപ്പോൾ വിമർശനം നേരിടുന്ന പോസ്റ്റർ സ്വാതന്ത്ര്യ സമരത്തിന്‍റെ ഒരു ഭാഗത്തെ മാത്രം കാണിക്കുന്നതാണ്. ചരിത്രപുസ്തകത്തിൽ ഇടംനേടിയിട്ടില്ലാത്ത സ്വാതന്ത്ര പോരാളികളെ ഉയർത്തിക്കാട്ടുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യമെന്നും ഐ.സി.എച്ച്​.ആർ ഡയറക്ടർ പറഞ്ഞു.

ഐ.സി.എച്ച്​.ആറിന്‍റെ പോസ്റ്ററിൽ പ്രധാനപ്പെട്ട എട്ടു നേതാക്കളിൽ മഹാത്മാഗാന്ധി, ബി.ആർ. അംബേദ്​കർ എന്നിവർക്കൊപ്പം ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ താത്വികാചാര്യൻ വി.ഡി. സവർക്കറും ഉൾപ്പെട്ടിരുന്നു​. അന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സവർക്കർ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയാണ്​ പുറത്തുവന്നത്​ എന്നതിന്​ ചരിത്ര രേഖകളുണ്ട്​. ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായിരുന്ന സവർക്കർ സ്വാതന്ത്ര്യ സമരകാലത്ത്​ പലസമയത്തും ബ്രിട്ടീഷ്​ അനുകൂലിയായിരുന്നു. സുഭാഷ്​ ചന്ദ്രബോസ്​, രാജേന്ദ്രപ്രസാദ്​, സർദാർ വല്ലഭായ്​ പ​േട്ടൽ, ഭഗത്​ സിങ്​ എന്നിവരും പോസ്റ്ററിലുണ്ട്​. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് അനഭിമതനായ നെഹ്റുവിനെ മന:പൂർവം ഒഴിവാക്കിയാണെന്ന വിമർശനമാണുയരുന്നത്.

നേരത്തെ, വാ​രി​യ​ൻ​കു​ന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയും ആ​ലി മു​സ്​​ലി​യാ​രും അ​ടക്കമുള്ള അ​ട​ക്ക​മു​ള്ള 387 മ​ല​ബാ​ർ സ​മ​ര​നാ​യ​ക​രെ സ്വാ​ത​ന്ത്ര്യ​സ​മ​ര നായകരുടെ പട്ടികയിൽ നിന്ന്​​ വെട്ടി മാറ്റാനുള്ള ഐ.സി.എച്ച്​.ആർ റിപ്പോർട്ട്​ വലിയ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

Tags:    
News Summary - Nehru present in future ‘Azadi Mahotsav’ posters, says ICHR after Congress slams ‘omission’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.