തപാൽ പാഴ്സലുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി ലഭിക്കും; ഇന്ത്യൻ പോസ്റ്റ് ഓഫിസ് നിയമം പരിഷ്‍കരിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ പോസ്​റ്റ് ഓഫിസ് നിയമം കേന്ദ്രസർക്കാർ പരിഷ്‍കരിക്കുന്നു. നിയമം പരിഷ്‍കരിക്കുന്നതോടെ രാജ്യസുരക്ഷക്കോ പൊതു സുരക്ഷക്കോ വേണ്ടി തപാൽ പാഴ്സലുകൾ തുറക്കാൻ അനുമതി ലഭിക്കും. അതോടൊപ്പം നികുതി വെട്ടിപ്പു നടന്നതായി സംശയമുണ്ടെങ്കിൽ ബന്ധപ്പെട്ട അധികൃതർക്ക് പാഴ്സൽ തിരിച്ചുവിടാനുള്ള അധികാരവും ലഭിക്കും.

ഈ വ്യവസ്ഥകളെല്ലാം അടങ്ങുന്നതാണ് വർഷകാല സമ്മേളനത്തിൽ രാജ്യസഭയിൽ അവതരിപ്പിച്ച പോസ്റ്റ് ഓഫിസ് ബില്ല്-2023. 1898ലെ കൊളോണിയൽ കാലഘട്ടത്തിലെ പോസ്റ്റ് ഓഫിസ് നിയമം അടിമുടി പരിഷ്‍കരിക്കുകയാണ് ലക്ഷ്യം. അതു പ്രകാരം ഏതെങ്കിലും പാഴ്സൽ സംശയം തോന്നിയാൽ അധികൃതർക്ക് തടഞ്ഞുവെക്കാനോ തുറന്നു നോക്കാനോ അനുമതി ലഭിക്കും. ഇതിനായി കേന്ദ്ര സർക്കാരിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാം.

ഒരു ആഭ്യന്തര അല്ലെങ്കിൽ അന്തർദേശീയ സ്രോതസ്സിൽ നിന്ന് ലഭിക്കുന്ന പാഴ്സലുകൾ കസ്റ്റംസിനോ ഏതെങ്കിലും ബന്ധപ്പെട്ട അധികൃതർക്കോ കൈമാറാൻ ഒരു തപാൽ ഓഫിസർക്ക് അധികാരമുണ്ടാകുമെന്നും ബിസിനസ് ലൈൻ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തപാൽ സേവനത്തിൽ നഷ്ടമോ കാലതാമസമോ മറ്റ് കേടുപാടുകളോ സംഭവിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാകില്ല.

ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് മുതിരാത്ത പക്ഷം ഇത്തരം കഷ്ടനഷ്ടങ്ങൾക്ക് ഒരു ബാധ്യതയുമുണ്ടാകില്ലെന്ന് ബില്ലിൽ ശുപാർശ ചെയ്യുന്നു. അതുപോലെ തപാൽ സേവനം പ്രയോജനപ്പെടുത്തുന്നവർ അതിന്റെ ചാർജ് അടക്കാൻ തയാറായില്ലെങ്കിൽ അവരിൽ നിന്ന് ഈടാക്കാനും അധികാരമുണ്ടാകും. തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കാനും തപാൽ ഓഫിസുകൾക്ക് പ്രത്യേക അധികാരം ഉണ്ടായിരിക്കുമെന്നും ബില്ലിൽ പറയുന്നുണ്ട്.

Tags:    
News Summary - New Post office bill will allow employees to open, detain parcels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.