ന്യുഡൽഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ രണ്ട് പ്രമുഖ പത്രങ്ങളാണ് അടച്ചുപൂട്ടേണ്ടിവന്നത്. ശ്രീലങ്കയിൽ ന്യൂസ്‌പ്രിന്റിന്‍റെ ചിലവ് കുതിച്ചുയരുകയും ഇറക്കുമതി കുറയുകയും ചെയ്തതോടെ നിരവധി പത്രങ്ങൾ നിലനിൽപ്പിനായി പേജുകളുടെ എണ്ണം പരാമവധി പരിമിതപ്പെടുത്തുകയുണ്ടായി. ഇംഗ്ലീഷ് ദിനപത്രമായ 'ദ ഐലൻഡ്', സംഹള പത്രമായ 'ദിവൈന' എന്നിവയാണ് ശ്രീലങ്കയിൽ അച്ചടി നിർത്തി ഓൺലൈൻ പതിപ്പ് മാത്രമാക്കിയത്. ഇന്ത്യയിലും സമാനമായ പ്രതിസന്ധിയാണ് പത്ര വ്യവസായം നേരിടുന്നതെന്ന് ന്യൂസ് ലോണ്ട്രി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, കാലപ്പഴക്കമുള്ള യന്ത്രങ്ങൾ, ഉയർന്ന ഉൽപ്പാദനച്ചെലവ് തുടങ്ങിയ കാരണങ്ങളാൽ ആഭ്യന്തര ന്യൂസ് പ്രിന്‍റ് ഉത്പാദനത്തിൽ വരുന്ന ഗുണനിലവാര തകർച്ച വിദേശ നിർമ്മിത ന്യൂസ് പ്രിന്റിനെ ആശ്രയിക്കാന്‍ പത്രങ്ങളെ പ്രേരിപ്പിക്കുന്നു. പക്ഷേ അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് മഹാമാരിയും റഷ്യയുടെ യുക്രൈയ്ന്‍ അധിനിവേശവും ന്യൂസ്‌പ്രിന്റ് ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ പത്രങ്ങളായ ടെലിഗ്രാഫ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയവ ന്യൂസ് പ്രിന്റ് ക്ഷാമം മറികടക്കാന്‍ പേജുകളുടെ എണ്ണവും ഗുണനിലവാരവും കുറക്കുകയാണ് ചെയ്യുന്നത്.
ന്യൂസ് പ്രിന്റിന്റെ വില 2019-ൽ ടണ്ണിന് 450 ഡോളറായിരുന്നെങ്കിൽ നിലവിൽ ഇരട്ടി കവിഞ്ഞ് ഏകദേശം 950 ഡോളറായി മാറിയിട്ടുണ്ടെന്ന് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി പ്രസിഡന്റ് മോഹിത് ജെയിൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് മാസത്തിനിടെ പേപ്പർ വില 45 ശതമാനം ഉയർന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി ലഘൂകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അതിനാദ്യം നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഗുണനിലവാരം വർധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ന്യൂസ്‌പ്രിന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ വെബ്‌സൈറ്റ് നൽകുന്ന വിവരം അനുസരിച്ച്, ഇന്ത്യയിൽ പ്രതിവർഷം 2.2 ദശലക്ഷം ടൺ ന്യൂസ് പ്രിന്റാണ് ഉപയോഗിക്കുന്നത്. ഇതിൽ 1.5 ദശലക്ഷം ടണ്ണും ഇറക്കുമതിയാണ്. ഇറക്കുമതിയുടെ 45 ശതമാനം റഷ്യയിൽ നിന്നും 40 ശതമാനം കാനഡയിൽ നിന്നുമാണ് വരുന്നതെന്ന് മോഹിത് ജെയിൻ പറഞ്ഞു.
ആവശ്യത്തെയും വിതരണത്തെയും അടിസ്ഥാനമാക്കിയാണ് ന്യൂസ് പ്രിന്‍റ് നിർമ്മാണം നടക്കുന്നതെന്ന് ഇന്ത്യൻ ന്യൂസ് പ്രിന്റ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ സെക്രട്ടറി വിജയ് കുമാർ പറഞ്ഞു. പത്രങ്ങളുടെ പ്രസിദ്ധീകരണത്തിനപ്പുറം ന്യൂസ് പ്രിന്റുകൾക്ക് മറ്റ് ഉപയോഗമില്ലാത്തതിനാൽ ഓർഡറുകൾ അടിസ്ഥാനമാക്കിയാണ് മില്ലുകൾ ഇത് നിർമ്മിക്കുന്നത്. എന്നാൽ അധിക പത്രസ്ഥാപനങ്ങളും വിദേശ ഇറക്കുമതി ചെയ്ത ന്യൂസ് പ്രിന്‍റുകൾ വാങ്ങുന്നതിനാൽ 35 മില്ലുകൾ മാത്രമേ രാജ്യത്ത് ന്യൂസ് പ്രിന്‍റ് ഉത്പാദനം നടത്തുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതയാണ് ന്യൂസ് പ്രിന്‍റ് ഉത്പാദനത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കുമാർ അഭിപ്രായപ്പെട്ടു. പുനരുത്പാദനത്തിനുതകുന്ന പേപ്പറുകളുടെ നിർമ്മാണത്തെയാണ് സർക്കാർ പോത്സാഹിപ്പിക്കുന്നത്. എന്നാൽ, വീടുകളിൽനിന്ന് പേപ്പർ മാലിന്യം ശേഖരിക്കുന്നതിൽ കാര്യമായ ഇടപെടൽ നടക്കാത്തതിനാൽ പുനരുത്പാദനം നടക്കുന്നുമില്ല. ജനങ്ങൾക്കിടയിൽ പേപ്പർ മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം നൽകുകയാണെങ്കിൽ ഈ പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാനാകും. ഇങ്ങനെ ക്യത്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാകുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.