ന്യൂഡൽഹി: 2021 ഡിസംബറിലെ ലുധിയാന കോടതി സ്ഫോടനത്തിലെ പ്രധാന സൂത്രധാരനും ഒളിവിൽ കഴിയുന്ന തീവ്രവാദിയുമായ ഹർപ്രീത് സിങ്ങിനെ ദേശീയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ്.
ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്ന സംഘടനയുടെ തലവനായ ലഖ്ഭീർ സിങ് റോഡെയുടെ സഹായിയാണ് ഹർപ്രീത് സിങ്. ലുധിയാന കോടതി കെട്ടിട സ്ഫോടനത്തിൽ റോഡെയുടെ പ്രധാന സഹായിയായിരുന്നു ഇയാൾ. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പഞ്ചാബിലെ അമൃത്സർ സ്വദേശിയാണ് ഹർപ്രീത് സിങ്. പഞ്ചാബ് പൊലീസ് 2021 ഡിസംബർ 23നാണ് സ്ഫോടനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജനുവരി ഒന്നിന് കേസ് എൻ.ഐ.എ ഏറ്റെടുത്തു.
റോഡെയുടെ നിർദേശങ്ങൾക്കനുസരിച്ച് ഹർപ്രീത് സിങ്ങാണ് പാകിസ്താനിൽ നിന്ന് വന്ന സ്ഫോടക വസ്തുക്കൾ സംഭവ സ്ഥലത്ത് എത്തിക്കുകയും സ്ഫോടനം നടത്തുകയും ചെയ്തതെന്ന് എൻ.ഐ.എ പറയുന്നു. സ്ഫോടക വസ്തുക്കൾ കടത്തുന്നതുൾപ്പെടെ മറ്റ് നിരവധി കേസുകളിലും ഹർപ്രീത് പ്രതിയാണ്.
ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് നേരത്തെ എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു. ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.