അഹമ്മദ് അബ്ദുൽ ഖാദർ, ഇർഫാൻ നാസിർ

ഐ.എസ് റിക്രൂട്ടിനായി ഫണ്ട് സമാഹരിച്ചുവെന്ന്; രണ്ടുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു

ബംഗളൂരു: തീവ്രവാദ സംഘടനയായ ഇസ്​ലാമിക് സ്റ്റേറ്റിന് വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുവെന്നും ഫണ്ട് സമാഹരണം നടത്തിയെന്നും ആരോപിച്ച് തമിഴ്നാട്ടിലും കർണാടകയിലുമായി രണ്ടുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുൽ ഖാദർ (40), ബംഗളൂരുവിലെ ഫ്രാസർ ടൗൺ സ്വദേശി ഇർഫാൻ നാസിർ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

അബ്ദുൽ ഖാദർ ചെന്നൈയിലെ ഒരു ബാങ്കിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യുകയാണെന്നും ഇർഫാൻ നാസിർ ബംഗളൂരു കേന്ദ്രീകരിച്ചുള്ള അരി വ്യാപാരിയാണെന്നും എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.

ബംഗളൂരു കേന്ദ്രീകരിച്ചുള്ള ഐ.എസ് പ്രവർത്തനങ്ങൾക്കെതിരെ എൻ.ഐ.എ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുസ്ലിം യുവാക്കളെ ഐ.എസുമായി അടുപ്പിക്കാനും ഇത്തരത്തിൽ റിക്രൂട്ട് ചെയ്യുന്നവരെ സിറിയയിലേക്ക് കൊണ്ടുപോകാൻ ഫണ്ട് കണ്ടത്താനും അറസ്റ്റിലായ പ്രതികൾ ശ്രമിച്ചതായാണ് എൻ.ഐ.എ അവകാശപ്പെടുന്നത്.

കഴിഞ്ഞ മാർച്ചിൽ ഹിനാ ബഷീർ (39), ഭർത്താവ് ജഹൻസയിബ് സമി (36) എന്നിവരെ ഐ.എസ് ബന്ധമാരോപിച്ച് ഡൽഹിയിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിന്‍റെ ഭാഗമായി ബംഗളൂരുവിൽ നിന്നുള്ള നേത്രരോഗവിദഗ്ധൻ അബ്ദുൽ റഹ്മാനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതുവഴിയുള്ള അന്വേഷണത്തിലാണ് ഇപ്പോൾ രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്ന് എൻ.ഐ.എ പറയുന്നു. 

Tags:    
News Summary - NIA arrests two from Tamil Nadu, Karnataka for ‘funding’ travel of IS recruits to Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.