ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്ന നടപടികളെ സഹായിക്കാൻ കേന്ദ്രസർക്കാറിൽനിന്ന് 30,600 കോടി രൂപയുടെ ഗാരൻറി. കിട്ടാക്കടം ഈടാക്കാൻ രൂപവത്കരിക്കുന്ന ദേശീയ ആസ്തി പുനഃസംഘടന കമ്പനി അഥവാ, ബാഡ് ബാങ്കിനുവേണ്ടി അഞ്ചു വർഷത്തേക്കാണ് ഇത്രയും തുക സർക്കാർ ഗാരൻറി നൽകുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗം പദ്ധതിക്ക് അനുമതി നൽകിയതായി ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുമേഖല ബാങ്കുകളിൽ നിന്ന് ബാഡ് ബാങ്ക് ഏറ്റെടുക്കുന്ന കിട്ടാക്കടത്തിൽ 15 ശതമാനം റൊക്കം പണമായും ബാക്കി 85 ശതമാനം സർക്കാർ ഗാരൻറിയായും അതതു ബാങ്കുകൾക്ക് നൽകുകയാണ് ചെയ്യുക.
പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ബാഡ് ബാങ്ക് എന്ന ആശയം കൊണ്ടുവന്നത്. പൊതുമേഖല ബാങ്കുകൾ ചേർന്നാണ് ബാഡ് ബാങ്ക് (നാഷനൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്) രൂപവത്ക്കരിക്കുന്നത്. ഈ കമ്പനിയുടെ 51 ശതമാനം ഓഹരികളും പൊതുമേഖല ബാങ്കുകളുടെ പക്കലാണ്. കിട്ടാക്കടം ഈടാക്കാൻ ഇന്ത്യ ഡബ്റ്റ് റസലൂഷൻ കമ്പനി ലിമിറ്റഡ് എന്ന മറ്റൊരു കമ്പനി കൂടി രൂപവത്ക്കരിക്കുന്നുണ്ട്. സ്വകാര്യ ബാങ്കുകൾക്കാണ് അതിെൻറ നിയന്ത്രണ ചുമതല. 51 ശതമാനം ഓഹരി അവർക്കും ബാക്കി െപാതുമേഖല സ്ഥാപനങ്ങൾക്കും.
ഈടാക്കുന്ന നടപടികൾ ബാഡ് ബാങ്കിന് കൈമാറുകയാണ് പൊതുമേഖല ബാങ്ക് ചെയ്യുക. ബാങ്കിന് ഇതിൽനിന്ന് കിട്ടേണ്ട തുകയുടെ കാര്യത്തിൽ കരാർ ഉണ്ടാക്കും. ഇതിൽ 15 ശതമാനം റൊക്കമായും ബാക്കി സർക്കാർ ഗാരൻറിയായും കൈമാറുന്നതുവഴി പൊതുമേഖല ബാങ്കിെൻറ സാമ്പത്തിക, ബാക്കിപത്ര സ്ഥിതി മെച്ചപ്പെടുമെന്നാണ് കണക്കാക്കുന്നത്. കിട്ടാക്കടം ഈടാക്കുന്ന പ്രഫഷനലുകൾ ഉൾപ്പെട്ടതാണ് സ്വകാര്യ ബാങ്കുകൾക്ക് നിയന്ത്രണമുള്ള രണ്ടാമത്തെ കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.