ന്യൂഡൽഹി: പലവട്ടം പ്രധാനമന്ത്രി സ്ഥാനാർഥിയുടെ കുപ്പായത്തിൽ കണ്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇക്കുറി രാഷ്ട്രപതി കുപ്പായത്തിൽ സ്വപ്നംകണ്ട് പാർട്ടിക്കാർ. അദ്ദേഹം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സർവഥാ യോഗ്യനാണെന്ന് ചില ജനതാദൾ-യു നേതാക്കൾ പരസ്യമായി വാദിക്കുന്നതാകട്ടെ, ബി.ജെ.പിയുടെ സംശയങ്ങൾ വർധിപ്പിച്ചു.
നിതീഷിനെക്കുറിച്ച് സ്വന്തം പാർട്ടി നേതാക്കൾ പ്രകടിപ്പിക്കുന്ന ആഗ്രഹം അദ്ദേഹത്തിന്റെ തന്നെ ഉള്ളിലിരിപ്പല്ലേ എന്നാണ് ഒരു സംശയം. 16 എം.പിമാരുമായി ബി.ജെ.പിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായി നിൽക്കുകയാണെങ്കിലും പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയാകാൻ അവസരം കിട്ടിയാൽ മറുകണ്ടംചാടുമോ എന്ന സംശയം വേറെ. ബി.ജെ.പി നിശ്ചയിക്കുന്ന രാഷ്ട്രപതി സ്ഥാനാർഥിയെ നിതീഷ് അംഗീകരിക്കുമോ എന്ന ആശങ്കയുമുണ്ട്.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ നിതീഷിന്റെ മനസ്സറിയാനും പിന്തുണ തേടാനും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ ബി.ജെ.പി പട്നക്ക് അയച്ചിരുന്നു. അതിനുശേഷവും രാഷ്ട്രപതിസ്ഥാനത്തിന് നിതീഷിനുള്ള യോഗ്യതയെക്കുറിച്ച് ജെ.ഡി.യു നേതാക്കൾ സംസാരിക്കുന്നു. ലോക്സഭയിൽ കുത്തകയുണ്ടെങ്കിലും പുറത്തുനിന്ന് ചില പാർട്ടികളുടെ കൂടി പിന്തുണ കിട്ടിയാലേ ബി.ജെ.പിക്ക് സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കാനാവൂ. അവിശ്വാസം ഓരോ ശ്വാസത്തിലും ബാക്കിനിൽക്കുന്നതുകൊണ്ട് നിതീഷിനെ രാഷ്ട്രപതി സ്ഥാനാർഥിയായി അവതരിപ്പിക്കാൻ ബി.ജെ.പി തയാറാവില്ല. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമല്ലെങ്കിലും നിതീഷ് പിന്തുണച്ചത് രാംനാഥ് കോവിന്ദിനെയാണ്. 2012ലാകട്ടെ, ബി.ജെ.പിക്കൊപ്പമായിരുന്നെങ്കിലും പിന്തുണ പ്രണബ് മുഖർജിക്കായിരുന്നു.
മൊത്തത്തിൽ കലങ്ങിയാണ് ബിഹാർരാഷ്ട്രീയം നിൽക്കുന്നത്. ബി.ജെ.പി പിന്തുണയിൽ ഭരിക്കുമ്പോൾതന്നെ, നിതീഷിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് പ്രധാന പ്രതിപക്ഷമായ ആർ.ജെ.ഡി ആരോപിക്കുന്നു. തങ്ങളുടെ നിലപാട് തള്ളി ജാതി സെൻസസിന് പ്രതിപക്ഷവുമായി നിതീഷ് കൈകോർത്തതും ബി.ജെ.പിക്ക് രസിച്ചിട്ടില്ല.
നിതീഷ് രാഷ്ട്രപതി സ്ഥാനാർഥിയാകുമെങ്കിൽ അഭിമാനപൂർവം ബിഹാറുകാർ സ്വാഗതംചെയ്യുമെന്ന് ആർ.ജെ.ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. ബി.ജെ.പി ബന്ധം വേർപെടുത്തിവന്നാൽ നിതീഷ് തന്നെ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെന്ന് ഉറപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്, എൻ.സി.പി തുടങ്ങി പ്രതിപക്ഷ പാർട്ടികൾക്കോ കോൺഗ്രസിനുതന്നെയോ മടിയുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.