പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് വിജയ് കുമാർ സിൻഹ. സംസ്ഥാനത്ത് അഴിമതി തുടരുകയാണെങ്കിൽ ജെ.ഡി.യു നേതാവ് അധികം വൈകാതെ ജയിലിലടക്കപ്പടുമെന്ന് അദ്ദേഹം പറഞ്ഞു.
"രാജ്യത്തെ അഴിമതി രഹിതമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അതിനാൽ ഇന്ത്യയെ അഴിമതിരഹിതവും കുറ്റകൃത്യ രഹിതവുമാക്കാൻ രാജ്യത്തെ ജനങ്ങളും പ്രതിജ്ഞാബദ്ധരാണ്. ലാലു പ്രസാദ് യാദവ് ജയിലിലടക്കപ്പെട്ടത് പോലെ നിതീഷും അകത്താകുമ്പോൾ അദ്ദേഹത്തിന് താൻ ചെയ്ത തെറ്റുകൾ ബോധ്യമാകും"- സിൻഹ പറഞ്ഞു. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 50ൽ കൂടുതൽ സീറ്റ് ലഭിക്കില്ലെന്ന നിതീഷിന്‍റെ പ്രസ്താവനക്ക് പിന്നാലെ ഇന്നലെ ഇരു പാർട്ടികളും തമ്മിൽ വാക്പോര് രൂക്ഷമായിരുന്നു.
നിതീഷ് കുമാറിന്‍റെ പ്രസ്താവന പരിഹാസജനകമാണെന്നും അദ്ദേഹം ഇന്ന് അനുഭവിക്കുന്ന രാഷ്ട്രീയ വിഷാദം വളരെ വ്യക്തമാണെന്നും ബി.ജെ.പി നേതാവും മുൻ ബീഹാർ ഉപമുഖ്യമന്ത്രിയുമായ തർക്കിഷോർ പ്രസാദ് പറഞ്ഞു. 2014ൽ ലഭിച്ച രണ്ട് സീറ്റുകളിൽ നിന്ന് 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ജെ.ഡി.യു 16 സീറ്റുകൾ നേടിയത് ബി.ജെ.പി പിന്തുണയോടെയാണ്.
മണിപ്പൂരിനെയും അരുണാചൽ പ്രദേശിനെയും സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2005 മുതൽ ബിഹാറിൽ സ്വന്തമായി ഒരു സർക്കാർ രൂപീകരിക്കാൻ പോലും നിതീഷ് കുമാറിന് സാധിച്ചിട്ടില്ല. എന്നിട്ടും ബി.ജെ.പിയെ 50ൽ താഴെ ഒതുക്കുമെന്ന് പ്രവചിക്കുന്നത് അദ്ദേഹം രാഷ്ട്രീയ വിഷാദത്തിലായത് കൊണ്ടാണെന്ന് തർക്കിഷോർ പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.