ന്യൂഡൽഹി: മർകസ് നിസാമുദ്ദീനിൽ നിന്നും ഒഴിപ്പിച്ച ആളുകളെ പ്രവേശിപ്പിച്ച ആശുപത്രികൾക്കും ക്വാറൻറീൻ കേന്ദ്ര ങ്ങൾക്കും അധിക സുരക്ഷ ഒരുക്കണമെന്ന് ഡൽഹി സർക്കാർ പൊലീസിനോട് ആവശ്യപ്പെട്ടു. തബ്ലീഗി ജമാഅത്തിൻെറ ആസ്ഥാനത്ത് നിന്നോ ഒഴിപ്പിച്ചവരിൽ പലരും അധികാരികളുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ സുരക്ഷ ഒരുക്കണമെന്നും ഡൽഹി ആരോഗ്യ വകുപ്പ് സെക്രട്ടറി പൊലീസ് കമ്മീഷണർക്ക് അയച്ച കത്തിൽ പറയുന്നു.
ചിലർ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അത്തരക്കാരെ കൈകാര്യം ചെയ്യുന്നത് മെഡിക്കൽ സ്റ്റാഫിന് വളരെ ബുദ്ധിമുട്ടാണെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പദ്മിനി സിംഹള പറഞ്ഞു. ക്വാറൻറീനിൽ കഴിയുന്നവരെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്നും അവർ ആവശ്യെപ്പട്ടു.
ബുധനാഴ്ച മർകസിൽ നിന്ന് രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഒരു രോഗി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൃത്യസമയത്ത് ആശുപത്രി ജീവനക്കാർ ഇടപെട്ടതു കൊണ്ടാണ് ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. നരേലയിലെ ക്വാറൻറീൻ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടുപേർ രക്ഷപ്പെടാൻ ശ്രമിച്ചതായും ഇവരെ പിന്നീട് പട്പർഗഞ്ചിൽ നിന്ന് അറസ്റ്റ് ചെയ്തതായും അവർ പറഞ്ഞു.
നിസാമുദ്ദീനിൽ നടന്ന തബ്ലിഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇത് രാജ്യെത്ത പ്രധാന കോവിഡ്19 ഹോട്ട്സ്പോട്ടായി മാറിയിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് മർകസിൽ താമസിച്ചിരുന്ന രണ്ടായിരത്തിലധികം ആളുകളെയാണ് പൊലീസ് ഒഴിപ്പിച്ചത്. ഇവരിൽ 500ലധികം പേരെ ആശുപത്രിയിലും മറ്റുള്ളവരെ ക്വാറൻറീൻ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.