ന്യൂഡൽഹി: ഗൗതം അദാനിയുടെ 60,000 കോടി രൂപയുടെ നിക്ഷേപം സ്വാഗതം ചെയ്ത രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് രാഹുൽ ഗാന്ധി. ഒരു മുഖ്യമന്ത്രിക്കും അത്തരം വമ്പൻ വാഗ്ദാനം നിരസിക്കാനാവില്ലെന്നും, ഒരു മുഖ്യമന്ത്രിയും അത്തരം ബിസിനസ് നിരസിക്കുന്നത് ശരിയല്ലെന്നും രാഹുൽ പറഞ്ഞു. രാജസ്ഥാനിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാനും അശോക് ഗെഹ്ലോട്ടും കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
രാജസ്ഥാന്‍ സർക്കാർ യാതൊരു പ്രത്യേക പരിഗണനയും അദാനി ഗ്രൂപ്പിന് നല്‍കിയിട്ടില്ല. എന്നാല്‍ ബി.ജെ.പി എന്തുകൊണ്ടാണ് രണ്ടോ മൂന്നോ വ്യവസായികള്‍ക്ക് മാത്രം കുത്തകാവകാശം നല്‍കുന്നതെന്നും രാഹുൽ ചോദിച്ചു. വ്യവസായങ്ങള്‍ക്ക് എതിരല്ല, എന്നാല്‍ ഏതാനും ബിസിനസുകാര്‍ക്ക് മാത്രമായി കുത്തക അവകാശങ്ങള്‍ നല്‍കുന്നത് പിന്തുണക്കില്ല. രാഷ്ട്രീയ അധികാരങ്ങള്‍ ഉപയോഗിച്ച് അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാൽ താന്‍ സര്‍ക്കാരിനെതിരെ തിരിയുമെന്നും രാഹുല്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ നിക്ഷേപ ഉച്ചകോടിയിൽ അശോക് ഗെഹ്ലോട്ട് ഗൗതം അദാനിയെ പുകഴ്ത്തിയിരുന്നു. ലോക ധനികരിൽ രണ്ടാം സ്ഥാനത്തെത്തിയതിന് അഭിനന്ദിക്കുകയും ചെയ്തിരുന്നു. അദാനിയെ പുകഴ്ത്തിയ ഗെഹ്ലോട്ടിന്റെ നടപടി രാഹുൽ ഗാന്ധിക്കുള്ള അടിയാണെന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.