ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളി. ചിദംബരത്തിെൻറ ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രിവാസം വേണ്ടതില്ല എന്നുമുള്ള ഏഴംഗ എയിംസ് മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് കോടതിയിൽ വായിച്ചത്. തുടർന്ന് ജസ്റ്റിസ് സുരേഷ് കെയ്റ്റ് മെഡിക്കൽ ബോർഡിെൻറ പരിശോധന നടപടികളെപ്പറ്റി വിശദീകരിച്ചു. മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ മുഖാന്തരം നൽകിയ പ്രധാന ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 13 വരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
ഒക്ടോബർ 28നാണ് 74കാരനായ ചിദംബരത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിൽ പോകണമെന്നാണ് ചിദംബരം ഇടക്കാല ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടത്. ആരോഗ്യനില വഷളായെന്നും അണുമുക്ത അന്തരീക്ഷത്തിൽ കഴിയേണ്ടത് അത്യാവശ്യമാണെന്നും ചിദംബരം കോടതിയെ ബോധിപ്പിച്ചു. തുടർന്ന് മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് ചിദംബരത്തിെൻറ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ എയിംസിനോട് കോടതി നിർദേശിച്ചിരുന്നു.
ചിദംബരം ആരോഗ്യവാനാണെന്നും മിനറൽ വാട്ടറും വീട്ടിൽനിന്ന് ഭക്ഷണം കൊടുക്കുന്നതും തുടർന്നാൽ മതിയാകുമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. തുടർന്നാണ് കോടതി ജാമ്യം നിഷേധിച്ചത്. വൃത്തിയുള്ള അന്തരീക്ഷവും കൊതുകുകടി ഏൽക്കാതിരിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. മരുന്ന്, യൂറോപ്യൻ ക്ലോസറ്റുള്ള ശുചിമുറി എന്നിവ നൽകൽ തുടരണം. രക്ത സമ്മർദം കൃത്യമായി പരിശോധിക്കണം. പ്രമേഹപരിശോധന അടക്കമുള്ള കാര്യങ്ങൾ കൃത്യമായ ഇടവേളകളിൽ നടത്തണമെന്നും കോടതി നിർദേശിച്ചു.
ബുധനാഴ്ചയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മടക്കിയത്.
ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചു മുതല്‍ ചിദംബരം തിഹാര്‍ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.