ന്യൂഡൽഹി: മറ്റ് മതന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തി പൗരത്വ ഭേദഗതി നിയമം (സി.എ.എ) കൂടുതൽ ഭേദഗതി ചെയ്യാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൾ വഹാബാണ് ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.
അയൽരാജ്യങ്ങളിലെ കൂടുതൽ ന്യൂനപക്ഷ വിഭാഗങ്ങളെ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുമോയെന്നായിരുന്നു എം.പിയുടെ ചോദ്യം. ഇത്തരമൊരു ആലോചനയേയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സി.എ.എ ചട്ടക്കൂടിന് രൂപംനൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. 2022 ജനുവരി ഒമ്പത് വരെ സമയം ആവശ്യമാണെന്ന് കഴിഞ്ഞ ആഴ്ച നിത്യാനന്ദ റായി ലോക്സഭയെ അറിയിച്ചിരുന്നു. ഇത് നാലാംതവണയാണ് കേന്ദ്രം സമയം നീട്ടി ആവശ്യപ്പെടുന്നത്.
ശ്രീലങ്കൻ തമിഴ് വംശജർ, പാകിസ്താനിലെ അഹമ്മദിയ വിഭാഗം തുടങ്ങിയവരെ കൂടി സി.എ.എ പരിധിക്കുള്ളിൽ കൊണ്ടുവരണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.
അയൽ രാജ്യങ്ങളിൽ നിന്നെത്തിയ 4,171 ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകിയതായും മന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. 4,046 അപേക്ഷകൾ ഇനി പരിഗണിക്കാനുണ്ട്. 2016നും 2020നുമിടയിൽ പഴയ നിയമങ്ങൾക്ക് അനുസൃതമായാണ് വിദേശികളായ ഇവർക്ക് പൗരത്വം അനുവദിച്ച് നൽകിയത്. ഇതിൽ കേരളത്തിൽനിന്നും അപേക്ഷിച്ച 65 പേർക്ക് പൗരത്വം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.