ഹൈദരാബാദ്: താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എസ്.സി-എസ്.ടി വിഭാഗങ്ങളുടെ ചെലവിൽ മുസ്ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ മേദക് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത
ന്റെ മൂന്നാം തവണത്തെ ഭരണത്തിൽ ഭരണഘടനയുടെ 75ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ അനന്തരാവകാശ നികുതി കൊണ്ടുവരും. പാരമ്പര്യമായി ലഭിച്ച സ്വത്തിൽ 55 ശതമാനത്തിലധികം നികുതി ഈടാക്കാൻ അവർ പദ്ധതിയിടുകയാണ്. വ്യാജ വാഗ്ദാനങ്ങൾ, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയകളെയും ക്രിമിനലുകളെയും പിന്തുണക്കൽ, കുടുംബ രാഷ്ട്രീയം, അഴിമതി എന്നിവയാണ് കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴെല്ലാം അവരുടെ രാഷ്ട്രീയ ചിഹ്നങ്ങൾ. തെലങ്കാനയെ ആദ്യം കൊള്ളയടിച്ചത് ബി.ആർ.എസാണെന്നും ഇപ്പോൾ കോൺഗ്രസാണ് അത് ചെയ്യുന്നതെന്നും മോദി ആരോപിച്ചു.
ഗുവാഹതി: മോദി സർക്കാറിന് മൂന്നാമൂഴം ലഭിച്ചാൽ ഏക സിവിൽ കോഡ് ദേശീയ തലത്തിൽ നടപ്പാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം ഗുവാഹതിയിൽ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരൊറ്റ നിയമം എന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത നയമാണ്. അത് നടപ്പാക്കുകതന്നെ ചെയ്യും. മതത്തിന്റെ പേരിലുള്ള സംവരണത്തിനും ബി.ജെ.പി എതിരാണ്. തങ്ങൾ വോട്ടർമാരെ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നിങ്ങനെ വേർതിരിച്ച് കാണുന്നില്ല. എന്നാൽ, സംവരണ വിഷയത്തിൽ കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.