ലഖ്നോ: ഉത്തർപ്രദേശിൽ കഴിഞ്ഞ നാലരവർഷക്കാലം ഒറ്റ കലാപം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻ സർക്കാറുകളെ ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ പ്രസ്താവന.
'ഉത്തർപ്രദേശിൽ സുരക്ഷയും നല്ല ഭരണവും കാഴ്ചവെച്ച് നാലരവർഷക്കാലത്തെ ഭരണം പൂർത്തിയാക്കുകയെന്നത് വളരെ പ്രധാനമാണ്. സംസ്ഥാനത്തെക്കുറിച്ചുള്ള രാജ്യത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റം വന്നു. നേരത്തേ യു.പിയിൽ കലാപങ്ങൾ ഒരു പ്രവണതയായിരുന്നു. എന്നാൽ, കഴിഞ്ഞ നാലരവർഷക്കാലം ഒറ്റ കലാപം പോലും അരങ്ങേറിയില്ല' -യോഗി ആദിത്യനാഥ് പറഞ്ഞു.
സർക്കാറിന്‍റെ നാലര വർഷക്കാലത്തെ ഭരണനേട്ടങ്ങൾ ഉൾപ്പെടുത്തിയ ബുക്ക്ലെറ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു ആദിത്യനാഥ്. 2022ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബി.ജെ.പി ഭരണത്തിന്‍റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനപിന്തുണ നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിനായി യോഗി സർക്കാർ നാലരവർഷം തികക്കുന്നത് ആഘോഷമാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.
യു.പി ബിസിനസ് സൗഹൃദ സംസ്ഥാനമാക്കി മാറ്റിയതായും യോഗി അവകാശപ്പെട്ടു. രാജ്യത്ത് രണ്ടാമത്തെ ബിസിനസ് സൗഹൃദ സംസ്ഥാനമായി യു.പി മാറിയെന്നായിരുന്നു പ്രസ്താവന.
2017ലാണ് യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയത്. യോഗി സർക്കാർ ഞായറാഴ്ച ഭരണത്തിലേറി നാലരവർഷം തികയും. ഇതോടനുബന്ധിച്ച് ബി.ജെ.പി എം.എൽ.എമാരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ സംസ്ഥാന സർക്കാറിന്‍റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി 27,700 ശക്തി കേന്ദ്രങ്ങളിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.