Nanded Hospital Dean

മഹാരാഷ്ട്രയിലെ കൂട്ടമരണം: മരുന്നിന്‍റെയോ ഡോക്ടർമാരുടെയോ ക്ഷാമമില്ല; വിമർശനത്തിന് പിന്നാലെ പരാമർശം തിരുത്തി അധികൃതർ

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ കൂട്ടമരണത്തിന് വഴിവെച്ചത് ആവശ്യത്തിന് മരുന്നില്ലാത്തതും ഡോക്ടർമാരുടെ കുറവുമാണെന്ന പരാമർശം തിരുത്തി നന്ദേഡിലെ ഡോ. ശങ്കറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. മരുന്നിന്‍റെയോ ഡോക്ടർമാരുടെയോ ക്ഷാമമില്ലെന്ന് മെഡിക്കൽ കോളജ് ഇൻ ചാർജ് ഡീൻ ഡോ. ശ്യാം റാവു വാക്കോട് എ.എൻ.ഐയോട് വ്യക്തമാക്കി.

കൂട്ട മരണത്തിൽ സർക്കാർ ആശുപത്രിക്കും മഹാരാഷ്ട്രയിലെ ബി.ജെ.പി-ഷിൻഡെ സർക്കാറിനും എതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ നിലപാട് മാറ്റിയത്. ആവശ്യത്തിന് മരുന്നും ജീവനക്കാരും ഇല്ലാത്തതും ഫണ്ടിന്‍റെ അപര്യാപ്തതയും നേരിടുന്നതായി മെഡിക്കൽ കോളജ് ഇൻ ചാർജ് ഡീൻ ഡോ. ശ്യാം റാവു വാക്കോട് ഇന്നലെ എ.എൻ.ഐയോട് പറഞ്ഞത്.

70 മുതൽ 80 കിലോമീറ്റർ ചുറ്റളവിലുള്ള ഏക ആശുപത്രിയാണിത്. അതിനാൽ, ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള രോഗികളാണ് ചികിത്സയ്ക്കായി എത്തുന്നത്. ചില ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടുമ്പോൾ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും.

ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിൽ നിന്നാണ് മരുന്നുകൾ വാങ്ങേണ്ടത്. എന്നാൽ, അത് നടക്കാറില്ല. രോഗികൾക്ക് പ്രാദേശികമായി വാങ്ങുന്ന മരുന്നുകളാണ് നൽകുന്നത്. അവശ്യമരുന്നുകൾ ആശുപത്രിയിൽ ലഭ്യമാണ്. ആശുപത്രിക്ക് 12 കോടി രൂപയാണ് ഫണ്ട് ഉള്ളത്. ഈ സാമ്പത്തിക വർഷം നാലു കോടി രൂപയാണ് അനുവദിച്ചത്. മറ്റ് രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ട് -ഡോ. ശ്യാം റാവു വ്യക്തമാക്കി.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രയിൽ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കൾ അടക്കം 24 പേർക്ക് ജീവൻ നഷ്ടമായത്. ഡോ. ശങ്കറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.

മരിച്ച 12 പേരിൽ ആറ് ആണും ആറ് പെൺ കുഞ്ഞുങ്ങളും ഉൾപ്പെടും. അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് മരിച്ച മുതിർന്നവർ. ഹൃദ്രോഗം, വിഷബാധ, ഉദരരോഗം, വൃക്കരോഗം, പ്രസവം, അപകടത്തിലേറ്റ പരിക്ക് തുടങ്ങിയ രോഗികളാണ് മരിച്ചത്. ആവശ്യത്തിന് മരുന്നില്ലാത്തതാണ് സംഭവത്തിന് വഴിവെച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Tags:    
News Summary - "No shortage of medicine": Nanded Hospital Dean denies medical negligence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.