ഒരേ ലക്ഷ്യത്തിനായി ഇനി ഒത്തൊരുമിച്ച് പ്രവർത്തിക്കാം; പി.വി. അൻവറിനെ സ്വീകരിച്ച് അഭിഷേക് ബാനർജി

കൊൽക്കത്ത: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ പാർട്ടിയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കൊൽക്കത്തയിൽ അഭിഷേകിന്റെ ഓഫിസിൽ വെച്ചാണ് പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ടി.എം.സിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കാമെന്നാണ് അൻവറുമായുള്ള ധാരണ.

'കേരളത്തിലെ നിലമ്പൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ പി.വി. അൻവർ ഞങ്ങളുടെ കുടുംബാംഗമായിരിക്കുന്നു. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടവും എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെ വളർച്ചക്ക് മുതൽക്കൂട്ടാകും'- എന്നാണ് അൻവറിന്റെ പാർട്ടി പ്രവേശനത്തിൽ അഭിഷേക് ബാനർജി എക്സിൽ കുറിച്ചത്. ലക്ഷ്യം ഓരോ ശബ്ദത്തിനും പ്രാധാന്യമുള്ളതും ഓരോ സ്വപ്നവും സാക്ഷാത്കരിക്കപ്പെടുന്നതുമായ പുരോഗമന ഇന്ത്യയാണ്. അതിനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അഭിഷേക് ബാനർജി കുറിച്ചു.

ഭാരതത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നാണ് അൻവറിനെ സ്വീകരിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് എക്സിൽ പങ്കുവെച്ച സന്ദേശം.

ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി അൻവർ ആദ്യം ഡി.എം.കെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്. എന്നാൽ, ഡി.എം.കെ പ്രവേശത്തിന് പച്ചക്കൊടി കാട്ടാതിരുന്നതോടെ അതേ പേരിൽ തന്നെ സംഘടന രുപീകരിച്ച് അൻവർ പ്രവർത്തനം തുടങ്ങി. പിന്നീട് യു.ഡി.എഫിലേക്ക് എത്താനായിരുന്നു അൻവറിന്റെ ശ്രമം. ഇതിനായി മുസ്‍ലിം ലീഗ് നേതൃത്വവുമായി ഉൾപ്പെടെ അൻവർ ചർച്ചകൾ നടത്തി. ഡി.എഫ്.ഒ ഓഫിസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പി.വി. അൻവറിനെ അറസ്റ്റ് ചെയ്തതോടെ നിലമ്പൂർ എം.എൽ.എക്ക് പ്രതിപക്ഷത്ത് നിന്ന് കൂടുതൽ പിന്തുണ ലഭിച്ചു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം ഉടൻ ഉണ്ടാവുമെന്ന പ്രവചനങ്ങൾക്കിടയിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.



Tags:    
News Summary - Abhishek Banerjee Welcomes PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.