ന്യൂഡൽഹി: അപകീർത്തി കേസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. വി.ഡി സവർക്കർക്കെതിരായ മോശം പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് രാഹുലിന് പൂണെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
25,000 രൂപയുടെ ബോണ്ടിലാണ് പൂണെയിലെ എം.പി/എം.എൽ.എ കോാടതി ജാമ്യം അനുവദിച്ചത്. വിഡിയോ കോൺഫറൻസിലൂടെ കോടതി നടപടിയുടെ ഭാഗമായ രാഹുൽ ഗാന്ധിക്ക് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് മോഹൻ ജോഷി 25,000 രൂപയുടെ ബോണ്ട് നൽകി.
കോടതിയിൽ ഹാജരാകുന്നതിൽ നിന്നും രാഹുൽ ഗാന്ധിക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ മിലിന്ദ് പവാർ പറഞ്ഞു. ഫെബ്രുവരി 18നായിരിക്കും കേസ് വീണ്ടും പരിഗണിക്കുക.2023 മാർച്ചിൽ ലണ്ടനിൽ രാഹുൽ നടത്തിയ പ്രസംഗം സവർക്കറെ അപമാനിക്കുന്നതാണെന്ന പരാതിയാണ് ഉയർന്നത്. ഇതുസംബന്ധിച്ച് സാത്യകി സവർക്കറാണ് പരാതി നൽകിയത്.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ യു.പിയിൽ രജിസ്റ്റർ ചെയ്ത അപകീർത്തി കേസും മാറ്റിവെച്ചിട്ടുണ്ട്. യു.പിയിലെ എം.പി-എം.എൽ.എ കോടതി ജനുവരി 22ലേക്കാണ് മാറ്റിയത്. അഭിഭാഷകരുടെ സമരം കാരണമാണ് കേസ് മാറ്റിയത്. രാഹുൽ ഗാന്ധി കർണാടക നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മോശം പരാമർശം നടത്തിയെന്ന പ്രാദേശിക ബി.ജെ.പി നേതാവിന്റെ പരാതിയിലാണ് കേസ്. 2018ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.