ന്യൂഡൽഹി: ഗൃഹാതുരത്വത്തിന്റെ ഇളം തണുപ്പുമായി ഉത്തരേന്ത്യയിൽ ഇനി ശീതകാലം എത്തില്ല. പകരം അത് പുകമഞ്ഞിലും മലിനീകരണത്തിന്റെ രൂക്ഷമായ ഗന്ധത്തിലും മുങ്ങിയമർന്നിരിക്കുന്നു. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ മലിനീകരണ തോതായ എ.ക്യു.ഐ 426ൽ എത്തി. ‘തീവ്രം’ എന്ന പട്ടികയിലാണിത്.
ഉത്തരേന്ത്യയിലെ മലിനീകരണ പ്രതിസന്ധി രാജ്യതലസ്ഥാനത്ത് മാത്രം ഒതുങ്ങുന്നില്ല. ഡൽഹി മുതൽ രാജസ്ഥാൻ വരെയും ഉത്തർപ്രദേശ് മുതൽ ഹരിയാന വരെയും വായു വിഷലിപ്തമായിരിക്കുന്നു. ഡൽഹിയിലെ കൊണാട്ട്പ്ലേസ് മുതൽ ചണ്ഡീഗഢിലെ തിരക്കേറിയ തെരുവുകൾവരെ വായുവിന് അക്ഷരാർത്ഥത്തിൽ എന്നത്തേക്കാളും ഭാരം അനുഭവപ്പെടുന്നു.
ദശലക്ഷക്കണക്കിന് ആളുകൾ വീണ്ടും മുഖംമൂടി ധരിക്കാൻ നിർബന്ധിതരായി. പകർച്ചവ്യാധിയെ പ്രതിരോധിക്കാനല്ല അത്. മറിച്ച് വിഷവായു ശ്വസിക്കാതിരിക്കാൻ. കോവിഡ് മഹാമാരിയുടെ സമയത്ത് സർവവ്യാപിയായ മുഖംമൂടികൾക്ക് പുതിയ പ്രാധാന്യം കൈവന്നു. ഉത്തരേന്ത്യയിലുടനീളം എയർ പ്യൂരിഫയറുകളുടെയും മാസ്കുകളുടെയും ആവശ്യം കുതിച്ചുയർന്നു. കുട്ടികൾക്ക് അസുഖങ്ങൾ വർധിക്കുന്നതിനാൽ വിദ്യാർഥികളോട് മാസ്ക് ധരിക്കാൻ പല സ്കൂളുകളും നിർദേശം നൽകിക്കഴിഞ്ഞു. ആളുകൾ പുറത്തിറങ്ങുന്നതും തൊഴിലെടുക്കുന്നതും മാസ്ക് ധരിച്ചാണ്. രാജസ്ഥാനിലെ ഖൈർതാൽ-തിജാര ജില്ലയിൽ സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് ചെറിയ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ അടച്ചുപൂട്ടി.
ഡൽഹി-എൻ.സി.ആറിലുടനീളം നിർമാണം നിർത്തിവച്ചു. തലസ്ഥാനത്തെ സർക്കാർ ഓഫിസുകൾ സ്തംഭനാവസ്ഥയിലാണ്. ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടം പതിവു വാർഷിക യുദ്ധമായി മാറിയിരിക്കുന്നു. ഇത്തവണ ഒരു ഭൂഭാഗം മുഴുവൻ അതിന്റെ അനന്തരഫലങ്ങളുമായി പിടിമുറുക്കുന്നു.
രാജ്യതലസ്ഥാനത്തെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നൊഴികെ ബാക്കിയെല്ലാം റെഡ് സോണിലാണ്. ഈ പ്രതിസന്ധിയിലേക്ക് സംഭാവന ചെയ്യുന്ന സ്രോതസ്സുകളുടെ വിപുലമായ ശൃംഖലയിലേക്ക് പരിസ്ഥിതി സംരക്ഷണ വാദികൾ വിരൽചൂണ്ടുന്നു. വാഹനങ്ങളുടെ കാർബൺ പുറന്തള്ളൽ, വ്യാവസായിക മലിനീകരണം, പഞ്ചാബിലെയും ഹരിയാനയിലെയും വൈക്കോൽ കത്തിക്കൽ എന്നിവ ചേർന്ന് വടക്കൻ സമതലങ്ങളിലുടനീളം വായു ശ്വാസം മുട്ടിക്കുന്നു. കർശനമായ മുന്നറിയിപ്പ് നൽകിയിട്ടും പഞ്ചാബിലും ഹരിയാനയിലും മലിനീകരണത്തിന്റെ തോത് വർധിപ്പിച്ചുകൊണ്ട് വൈക്കോൽ കത്തിക്കൽ തുടരുന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.