മമത ബാനർജി

ബിർഭും അക്രമത്തെ ന്യായീകരിക്കുന്നില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: ബംഗാളിലെ ബിർഭുമിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പിയുടെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംഭവത്തിൽ ന്യായമായ രീതിയിൽ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയ മമത, നാളെ ബിർഭും സന്ദർശിക്കുമെന്നും വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ മുമ്പ് ഗുജറാത്തിലും രാജസ്ഥാനിലും ഉണ്ടായിട്ടുണ്ട്. രാംപുർഹട്ടിൽ നടന്ന അക്രമത്തെ താൻ ന്യായീകരിക്കുന്നില്ല. ന്യായമായ രീതിയിൽ നടപടിയെടുക്കും -മമത പ്രതികരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ ബിർഭും ജില്ലയിലെ രാംപൂർഹട്ടിൽ എട്ട് പേരെയാണ് ജീവനോടെ ചുട്ടരിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കാൻ സാധിക്കാത്ത മുഖ്യമന്ത്രി രാജി വെക്കണമെന്നും സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുകയാണ്.

ഞങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്നും ആരും തന്നെ കഷ്ടപ്പെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ രാംപുർഹട്ടിന്‍റെ ചുമതലയുള്ള സബ് ഡിവിഷണൽ പൊലീസ് ഓഫിസറെ പിരിച്ച് വിട്ടെന്നും മമത കൂട്ടിച്ചേർത്തു.

ഇത് ബംഗാളാണ്, അല്ലാതെ ഉത്തർപ്രദേശ് അല്ലെന്ന് ബി.ജെ.പിയുടെ നേതാക്കളെ സംഭവ സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ലെന്ന ആരോപണത്തിനെതിരെ മമത പ്രതികരിച്ചു. ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി മരിച്ചപ്പോൾ അവിടേക്ക് ആരേയും കടത്തിവിട്ടില്ല. എന്നാൽ ഇവിടെ വരുന്നവരെ ആരേയും ഞങ്ങൾ തടഞ്ഞിട്ടില്ല -മമത പറഞ്ഞു.

ബിർഭും ആക്രമണത്തിൽ സംസ്ഥാനത്തെ തൃണമൂൽ സർക്കാറിനെയും മമത ബാനർജിയെയും കേന്ദ്രവും സംസ്ഥാന ബി.ജെ.പിയും ചേർന്ന് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ ഗവർണർ ജഗ്ദീപ് ധൻഖാർ മുഖ്യമന്ത്രിയുടെ പിന്തുണയോടെ സംസ്ഥാനത്ത് നിയമലംഘനം തുടരുകയാണെന്നും കുറ്റകൃത്യങ്ങളിൽ താൻ സർക്കാരിന് കൂട്ട് നിൽക്കില്ലെന്നും പറഞ്ഞിരുന്നു.

Tags:    
News Summary - Not Justifying Killings, Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.