ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിനെതിെര വിവാദ വാർത്തസമ്മേളനം നടത്തിയ നാലു മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വർ. ഹാർവാർഡ് ക്ലബ് ഒാഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ‘ജനാധിപത്യത്തിൽ നീതിപീഠത്തിെൻറ പങ്ക്’ എന്ന വിഷയത്തെക്കുറിച്ച് കരൺ ഥാപ്പറുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചെലമേശ്വർ. സിറ്റിങ് ജഡ്ജി ഇത്തരത്തിലൊരു സംവാദ പരിപാടിയിൽ പെങ്കടുക്കുന്നത് അപൂർവ സംഭവമാണ്. സംവിധാനത്തിലെ പ്രശ്നങ്ങൾക്ക് ഇംപീച്ച്മെൻറ് ഒരു പരിഹാരമാവുമെന്ന് കരുതുന്നില്ലെന്ന് ചെലമേശ്വർ പറഞ്ഞു.
നിലവിലെ സംവിധാനത്തിൽ തിരുത്തലുകൾ വരുത്തുകയാണ് വേണ്ടത്. ഇംപീച്ച്മെൻറ് നടപടിയോട് ഇത്ര മമത എന്താണെന്ന് മനസ്സിലാവുന്നില്ല. സംവിധാനത്തിൽ ഭേദഗതികൾ ആവശ്യമാണോ എന്ന ചോദ്യത്തിന്, ചില പുനഃപരിശോധനകൾ ആവശ്യമാണെന്നായിരുന്നു ചെലമേശ്വറുടെ മറുപടി. ദീപക് മിശ്ര വിരമിക്കുേമ്പാൾ ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസായി ഉയർത്തപ്പെടില്ലെന്ന് വിചാരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ സംഭവിക്കില്ല എന്നാണ് പ്രതീക്ഷയെന്ന് അേദ്ദഹം പറഞ്ഞു.
അങ്ങനെ സംഭവിച്ചാൽ, മുമ്പ് താൻ ഉൾപ്പെടെ നാലു ജഡ്ജിമാർ വാർത്തസമ്മേളനം നടത്തി പറഞ്ഞതെല്ലാം ശരിയെന്ന് തെളിയിക്കപ്പെടും. സുപ്രീംകോടതി ജഡ്ജിയുടെ പദവിയിൽനിന്ന് വിരമിച്ചശേഷം സർക്കാർ നൽകുന്ന പദവികൾ താൻ ഏറ്റെടുക്കില്ലെന്നും ജസ്റ്റിസ് ചെലമേശ്വർ കൂട്ടിച്ചേർത്തു. കേസുകൾ വിഭജിച്ചു നൽകുന്ന ചീഫ് ജസ്റ്റിസിെൻറ രീതി ചോദ്യം ചെയ്തത്, കാര്യങ്ങൾ ഫലപ്രദമായി നടപ്പാകണം എന്ന ഉദ്ദേശ്യത്തോടെയാണ്. വാർത്ത സമ്മേളനം അവസാനത്തെ വഴിയായിരുന്നു. മുന്നിൽ മറ്റൊരു വഴിയില്ലെന്ന് തനിക്കു തോന്നി.
വാർത്തസമ്മേളനം അച്ചടക്ക ലംഘനമല്ല. ഭരണപരമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ അച്ചടക്ക ലംഘനമില്ല. ‘മാസ്റ്റർ ഒാഫ് റോസ്റ്റർ’ അധികാരം പൊതുനന്മ മുൻനിർത്തി വിനിയോഗിക്കപ്പെടണം. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശിപാർശ തള്ളിയ കേന്ദ്രസർക്കാർ തീരുമാനം ഗൗരവതരമാണ്. കൊളീജിയം സംവിധാനം പ്രവർത്തന രഹിതമായിട്ടില്ല. അതിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്നു വരും. കൊളീജിയം അംഗങ്ങൾക്ക് കണ്ണെടുത്താൽ കണ്ടുകൂടാ എന്നല്ല അതിനർഥം.മെഡിക്കൽ കോഴ കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ട തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു. എല്ലാ ജനാധിപത്യവും എവിടെയായിരുന്നാലും പരീക്ഷണങ്ങളാണെന്നും ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.