ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് മത്സരിക്കാൻ ആളില്ലാതായ മധ്യപ്രദേശിലെ ഇൻഡോറിൽ താരമായി ‘നോട്ട’. വോട്ടെണ്ണൽ തുടങ്ങി ആദ്യ മൂന്നര മണിക്കൂറിൽ 1,14,363 വോട്ടാണ് നോട്ട പെട്ടിയിലാക്കിയത്.
ബി.ജെ.പി സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ശങ്കർ ലാൽവാനിയാണ് ഇവിടെ ഒന്നാംസ്ഥാനത്ത്. 6,64,686 വോട്ടുമായി ഇദ്ദേഹം ലീഡ് ചെയ്യുന്നു. 5,50,323വോട്ടാണ് ബി.ജെ.പിയുടെ നിലവിലെ ഭൂരിപക്ഷം.
കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ് കാന്തി ബാം പാർട്ടി വിട്ട് നാമനിർദേശ പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. തുടർന്ന് മണ്ഡലത്തിലെ വോട്ടർമാരോട് നോട്ടക്ക് വോട്ട് ചെയ്യാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നോട്ട കുതിച്ചുയർന്നത്.
കഴിഞ്ഞ 35 വർഷത്തിനിടെ ഒരിക്കൽ പോലും ഇൻഡോർ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് വിജയിച്ചിട്ടില്ല. ഇതാദ്യമായി സ്ഥാനാർഥിയെ പോലും നിർത്താനാവാത്ത സ്ഥിതി വന്നു. പാർട്ടി ചിഹ്നത്തിൽ മറ്റൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ഹൈകോടതി തടഞ്ഞതോടെ നോട്ടയെ ആശ്രയിക്കുകയായിരുന്നു. ബി.ജെ.പി സ്ഥാനാർഥിയുടെ എതിരാളികളായ മറ്റ് 13 പേരും ദുർബലരാണെന്നാണ് വിലയിരുത്തൽ. ഇതും നോട്ടക്ക് വോട്ട് നൽകാനുള്ള ആഹ്വാനം ചെയ്യാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചു.
ബി.ജെ.പിയെ ശിക്ഷിക്കാനായാണ് ജനങ്ങളോട് നോട്ടക്ക് വോട്ട് നൽകാൻ ആഹ്വാനം ചെയ്തതെന്ന് കോൺഗ്രസ് മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷൻ ജിതു പത്‍വാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.