തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാനേതാവ് സീസിങ് രാജയെ വെടിവെച്ച് കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ ഗുണ്ടാനേതാവ് രാജ എന്നറിയപ്പെടുന്ന സീസിങ് രാജയെ പൊലീസ് വെടിവെച്ച് കൊന്നു. ചെന്നൈ നീലാങ്കരയിലാണ് സംഭവം. അഞ്ച് കൊലപാതകം അടക്കം 33 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സീസിങ് രാജ.

ആന്ധ്രാപ്രദേശിലെ കഡപ്പയിൽ ഒളിവിലായിരുന്ന രാജയെ കണ്ടെത്താൻ തമിഴ്നാട് പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനായി പോസ്റ്റർ പതിച്ചിരുന്നു. ഇന്നലെ രാജയെ കഡപ്പയിൽ നിന്ന് അറസ്റ്റ് ചെയ്തെന്ന വിവരം ഭാര്യ പുറത്തുവിട്ടിരുന്നു.

ചെന്നൈയിലേക്ക് കൊണ്ടുവരും വഴി നീലാങ്കരയിൽവച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെന്നും പ്രാണരക്ഷാർഥം വെടിവെക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം.

എ. അരുൺ ചെന്നൈ കമീഷണർ പദവിയിൽ എത്തിയതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണ് സീസിങ് രാജയുടേത്. ബി.എസ്.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. കെ. ആംസ്രോങ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എ. അരുൺ പുതിയ കമീഷണറായി എത്തുന്നത്.

ജൂൺ അഞ്ചിനാണ് ചെന്നൈ പെരമ്പൂരിലെ വസതിക്ക് സമീപത്തുവെച്ച് ബി.എസ്.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. കെ. ആംസ്ട്രോങ്ങിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയത്. ഓൺലൈൻ ഏജന്‍റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്.

മൂന്ന് ബൈക്കുകളിലെത്തിയ ആറു പേർ ആംസ്‌ട്രോങ്ങിനെ വാൾ കൊണ്ട് വെട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആംസ്ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറായ ആംസ്ട്രോങ് തമിഴ്നാട്ടിലെ ദലിത് വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.

Tags:    
News Summary - Notorious history sheeter Seizing Raja gunned down in a police encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.