ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാൾ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
പാർട്ടിയുടെ നാലു മുതിർന്ന നേതാക്കളെയാണ് ജയിലിലടച്ചത്. ലോകത്തെ ഏറ്റവും വലിയ കള്ളന്മാർ ബി.ജെ.പിയിലാണുള്ളത്. അഴിമതിക്കാരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കേസ് ഒഴിവാക്കുകയാണ്. അഴിമതിക്കെതിരെ പോരാടുന്നവർ എന്നെ കണ്ടു പഠിക്കണം. മോദിയുടെ ലക്ഷ്യം ഒരു രാജ്യം ഒരു നേതാവ് എന്നതാണ്. രാജ്യത്തെ ജനങ്ങൾ വിഡ്ഢികളെന്നാണ് കരുതുന്നത്. മോദിയെ എതിർക്കുന്നവരെയെല്ലാം ജയിലിലാക്കും. രാജ്യത്തെ ഏകാധിപത്യത്തിൽനിന്ന് രക്ഷിക്കണം. ജൂൺ നാലിനുശേഷം മോദി സർക്കാർ ഉണ്ടാകില്ലെന്നും കെജ്രിവാൾ പറഞ്ഞു.
ഇനിയുള്ള 21 ദിവസവും മോദിക്കെതിരെ പ്രചാരണം നടത്തും. എന്‍റെ പ്രയത്നവും സമ്പത്തും രാജ്യത്തിന് സമർപ്പിച്ചതാണ്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് സീറ്റ് കുറയും. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്നും കെജ്രിവാൾ പറഞ്ഞു. എ.എ.പിക്ക് പങ്കുള്ള സർക്കാർ അധികാരത്തിൽ വരുമെന്നും കെജ്രിവാൾ വ്യക്തമാക്കി. നേരത്തെ, ഭാര്യ സുനിതക്കൊപ്പം കെജ്രിവാൾ ഡൽഹി കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭവവന്ത് മാനും എം.പി സഞ്ജയ് സിങ്ങും ഡൽഹി മന്ത്രിമാരായ അതിഷി മർലേനയും സൗരവ് ഭരദ്വാജും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കെജ്രിവാളിനെ അനുഗമിച്ചു. വൈകീട്ട് നാലിന് സൗത് ഡൽഹിയിലെ മെഹ്റോളിയിലും ആറിന് ഈസ്റ്റ് ഡൽഹിയിലെ കൃഷ്ണ നഗറിലും റോഡ് ഷോയിൽ പങ്കെടുക്കും.
ജൂൺ ഒന്നുവരെ 21 ദിവസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിച്ചത്. സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 50 ദിവസത്തിനുശേഷമാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. ഡൽഹി സർക്കാറിന്റെ പഴയ മദ്യനയത്തിൽ അഴിമതി ആരോപിച്ച് രണ്ടു വർഷം മുമ്പ് രജിസ്റ്റർചെയ്ത കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് ഇ.ഡി നാടകീയമായി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്നും ആരോപിച്ച് കെജ്രിവാൾ നൽകിയ ഹരജി വിചാരണ കോടതിയും ഹൈകോടതിയും നേരത്തേ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.