ചണ്ഡീഗഢ്: ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് തിരച്ചിൽ ശക്തമാക്കി. അമൃത്പാൽ ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നുമാണ് പൊലീസ് വെളിപ്പെടുത്തൽ.
അതിനിടെ, ‘വാരിസ് പഞ്ചാബ് ദേ’യുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷ നിയമം (എൻ.എസ്.എ) ചുമത്തി കേസെടുത്തതായി പഞ്ചാബ് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുഖ്ചെയിൻ സിങ് ഗിൽ പറഞ്ഞു. അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്ക് മാറ്റിയ ദൽജിത് സിങ് കൽസി, ഭഗവന്ത് സിങ്, ഗുർമീത് സിങ്, ‘പ്രധാനമന്ത്രി’ ബജേകെ എന്നീ നാല് തടവുകാർക്കെതിരെയാണ് കർശനമായ നിയമം ചുമത്തിയത്.
ജലന്ധറിൽ കീഴടങ്ങിയ അമൃത്പാൽ സിങ്ങിന്റെ അമ്മാവൻ ഹർജിത് സിങ്ങിനെനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളെയും ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്ക് മാറ്റും. സംഘടനാ പ്രവർത്തകർക്കെതിരെ ആറ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തെന്നും 114 പേരെ അറസ്റ്റ് ചെയ്തെന്നും പഞ്ചാബ് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഐ.എസ്.ഐ ബന്ധവും വിദേശ ധനസഹായവും സംശയിക്കുന്നുണ്ട്. സംസ്ഥാനത്ത് പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. എല്ലാ ജില്ലകളിലും സമാധാന സമിതി യോഗങ്ങൾ നടന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
അമൃത്പാൽ സിങ്ങിന്റെ അമ്മാവൻ ഹർജിത് സിങ്ങും ഡ്രൈവർ ഹർപ്രീത് സിങ്ങും ജലന്ധർ പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി ജലന്ധറിലെ ബുള്ളന്ദ്പൂർ ഗുരുദ്വാരക്ക് സമീപമാണ് ഇവർ കീഴടങ്ങിയത്. അമൃത്പാൽ സിങ്ങിനെ പിടികൂടാനുള്ള ശ്രമം തിങ്കളാഴ്ചയോടെ മൂന്നാം ദിവസത്തിലേക്ക് കടന്നു. നേരത്തേ രണ്ട് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു.
ഇന്റർനെറ്റ് നിയന്ത്രണം തുടരുന്നു
ചണ്ഡീഗഢ്: പഞ്ചാബ് സർക്കാർ മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ നിർത്തിവെച്ചത് ചൊവ്വാഴ്ച ഉച്ചവരെ നീട്ടി. ബാങ്കിങ് സൗകര്യങ്ങളും ആശുപത്രി സേവനങ്ങളും മറ്റ് അവശ്യ സേവനങ്ങളും തടസ്സപ്പെടാതിരിക്കാൻ ബ്രോഡ്ബാൻഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിയിട്ടില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ശനിയാഴ്ച ഉച്ചവരെ നിർത്തിവെച്ച നിയന്ത്രണങ്ങളാണ് ഘട്ടംഘട്ടമായി ചൊവ്വാഴ്ച ഉച്ചവരെ നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.