ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ വിപുലീകരണത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. മന്ത്രിമാരുടെ എണ്ണം കൂട്ടിയെന്നും കോവിഡ് പ്രതിരോധ വാക്സിനുകളുടേതല്ല എന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം.
'വാക്സിനുകളുടേതല്ല, മന്ത്രിമാരുടെ എണ്ണം കൂട്ടി' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കൂടാതെ രാജ്യത്തെ വാക്സിനേഷൻ നിരക്ക് സംബന്ധിച്ച കണക്കും ട്വീറ്റിൽ പങ്കുവെച്ചു.
ഇന്ത്യയിൽ കോവിഡിന്‍റെ മൂന്നാംതരംഗം ഒഴിവാക്കുന്നതിന് ഡിസംബറോടെ 60 ശതമാനംപേരും വാക്സിൻ സ്വീകരിക്കണം. ഇതിനായി 88ലക്ഷം പേർക്ക് പ്രതിദിനം വാക്സിൻ നൽകണം. എന്നാൽ ഇന്ത്യയിൽ പ്രതിദിനം ഇത്രപേർക്ക് നിലവിൽ വാക്സിൻ നൽകുന്നില്ല. വാക്സിൻ നൽകുന്നതിലെ ഈ കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും.
ശനിയാഴ്ച 37ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. അതായത് 51 ലക്ഷത്തിന്‍റെ കുറവ്. കഴിഞ്ഞ ഏഴുദിവസത്തെ കണക്കുകളിലും ഇത്തരം കുറവ് കാണാൻ സാധിക്കുമെന്നും രാഹുൽ പങ്കുവെച്ച ചാർട്ടിൽ പറയുന്നു.
കേന്ദ്രമന്ത്രിസഭ 36 പുതുമുഖങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ വിമർശനം. ഇതോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 78ആയി. 81ആണ് കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താവുന്ന മന്ത്രിമാരുടെ പരമാവധി എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.