ഇരുകക്ഷികൾ തമ്മിലുള്ള പ്രശ്ന പരിഹാരം: പെൺകുട്ടികളെ ലേലം ചെയ്യാൻ കരാർ തയാറാക്കി രാജസ്ഥാനിലെ ജാതി പഞ്ചായത്ത്

ന്യൂഡൽഹി: വായ്പയു​ടെ തിരിച്ചടവ് സംബന്ധിച്ച തർക്കം പരിഹരിക്കാനായി പെൺകുട്ടികളെ ലേലം ചെയ്യാൻ മുദ്രക്കടലാസിൽ വിൽപനക്കരാർ തയാറാക്കുന്നതായി ആരോപണം. രാജസ്ഥാനിലെ ഭിൽവാരയിലാണ് സംഭവം. ഇത് അന്വേഷിക്കാൻ ഒരു സംഘത്തെ ഭിൽവാരയിലേക്ക് അയച്ചിട്ടുണ്ടെന്ന് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. കഴിഞ്ഞ കുറേ വർഷമായി ഇതേ സംഭവം ആവർത്തിക്കുന്നുണ്ടെന്നും എന്നാൽ സംസ്ഥാന സർക്കാർ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും രേഖ ശർമ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് രാജസ്ഥാൻ ചീഫ് സെക്രട്ടറിയെയും ഭിൽവാര പൊലീസ് സൂപ്രണ്ടിനെയും സന്ദർശിക്കുന്നുണ്ട്. കൂടാതെ വിഷയം അന്വേഷിക്കാൻ കമീഷൻ രണ്ടംഗ വസ്തുതാന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഗ്രാമത്തിൽ പല പ്രശ്നങ്ങളുടെയും പരിഹാരമായി വേശ്യാവൃത്തിക്കായി പെൺകുട്ടികളെ വിൽക്കാൻ ജാതി പഞ്ചായത്ത് കരാറെഴുതുകയാണ്. അതിന് സമ്മതിക്കാത്തവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യാനാണ് പഞ്ചായത്ത് നിർദേശം നൽകുന്നതെന്ന് വിവരം ലഭിച്ചതായും കമീഷൻ പറഞ്ഞു. സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ പൊലീസിനോടും ചീഫ് സെക്രട്ടറിയോടും കമീഷൻ നിർദേശിച്ചു.

സംസ്ഥാന വനിതാ കമീഷനും നടപടിക്ക് നിർദേശിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷനും രാജസ്ഥാൻ സർക്കാറിന് വിഷയത്തിൽ നോട്ടീസ് അയച്ചു. എന്നാൽ സംഭവം രാജസ്ഥാൻ മന്ത്രി പ്രതാപ് ഖചരിയവാസ് നിഷേധിച്ചു. 'ഇത് അന്വേഷിക്കേണ്ട വിഷയമാണ്. ഇത്തരം വാർത്തകൾ പുറത്തു വരുമ്പോൾ അന്വേഷണം നടക്കാതെ നമുക്ക് സത്യം അറിയാനാകില്ല. ദേശീയ മനുഷ്യാവകാശ കമീഷൻ ആദ്യം ഇത് സംബന്ധിച്ച് പൊലീസിനോട് സംസാരിക്കണം. പെൺകുട്ടികളെ വിൽക്കുന്ന സംഭവം സംസ്ഥാനത്ത് നടക്കില്ല' -മന്ത്രി പറഞ്ഞു. 

Tags:    
News Summary - On Reported Sale Of Girls Over Loans In Rajasthan, Rights Panel's Move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.