ന്യൂഡൽഹി: രാജ്യത്ത് ഒരു ലക്ഷത്തോളം മുൻനിര കൊറോണ പോരാളികളെ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവർക്കായുള്ള കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'വരാനിരിക്കുന്ന വെല്ലുവിളികൾക്കായി ഇപ്പോൾ തന്നെ തയാറാകണം. ഇതിൻെറ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുൻനിര കൊറോണ വാരിയേഴ്സിനെയാണ് ഒരുക്കുന്നത്. മഹാമാരിക്കെതിരെ പോരാടുന്ന നിലവിലെ ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ് യുവാക്കളെ പരിശീലിപ്പിക്കുന്നത്. കോഴ്‌സ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതുവഴി ഇവർക്ക് ജോലി ലഭ്യമാകും' -പ്രധാനമന്ത്രി പറഞ്ഞു.
ക്രാഷ് കോഴ്‌സ് പരിപാടി കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് പുതിയ ഊർജം നൽകുമെന്ന് മാത്രമല്ല, യുവാക്കൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക പരിശീലന പരിപാടി തികച്ചും സൗജന്യമാണ്. സർട്ടിഫിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം, സ്റ്റൈപ്പൻഡ്, ഇൻഷുറൻസ് എന്നിവ ഇതിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും.
ജൂൺ 21 മുതൽ 45 വയസ്സിന് മുകളിലുള്ളവരുടേതിന് സമാനമായ രീതിയിൽ മറ്റുള്ളവർക്കും വാക്സിൻ ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിമാരായ മഹേന്ദ്ര നാഥ് പാണ്ഡെ, ധർമേന്ദ്ര പ്രധാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം കോവിഡ് പോരാളികളെ പരിശീലിപ്പിക്കുന്നതാണ് പരിപാടി. ആറ് മേഖലകളിലായിട്ടാണ് പരിശീലനം. ഹോം കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് കെയർ സപ്പോർട്ട്, എമർജൻസി കെയർ സപ്പോർട്ട്, സാമ്പിൾ കളക്ഷൻ സപ്പോർട്ട്, മെഡിക്കൽ എക്യുപ്‌മെൻറ് സപ്പോർട്ട് എന്നിവയാണ് ഇതിൽ ഉൾപ്പെടുക. 276 കോടി രൂപയാണ് കേന്ദ്രം ഇതിന് അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.