ന്യൂഡൽഹി: പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ പാർലമെന്റിന്റെ ശീതകാല സെഷനിൽ അവതരിപ്പിച്ചേക്കും. അതേസമയം, ബില്ല് കൂടുതൽ പരിശോധനക്കായി ജോയിന്റ് പാർലമെന്ററി സമിതിക്ക് കൈമാറുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. നവംബർ 25ന് തുടങ്ങിയ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 20ന് അവസാനിക്കും.
ഒറ്റ തെരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള നിയമങ്ങളെല്ലാം ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ നിയമമാന് ഭേദഗതി ബില്ലിലൂടെ ശിപാർശ ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുണ്ടെങ്കിലും ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാൽ ബില്ല് പാസാക്കാൻ കേന്ദ്രസർക്കാറിന് തടസ്സമുണ്ടാകില്ല.
ബില്ല് നിയമാകുന്നത് ആറ് ഭരണഘടന ഭേദഗതികൾ ആവശ്യമായി വരും. അതിന് പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ മോദി സർക്കാറിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തത് ചെറിയ തടസ്സം സൃഷ്ടിച്ചേക്കും. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിച്ച് മാത്രമേ ഈ തീരുമാനവുമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ.
2014 മുതൽ മോദി സർക്കാർ മുന്നോട്ട് വെക്കുന്ന ആശയമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. പലഘട്ടങ്ങളിലായി തെരഞ്ഞെടുപ്പുകൾ നടത്തുന്നത് അധിക ചെലവാണെന്നും രാജ്യത്തന്റെ പുരോഗതിക്ക് തടസ്സമാണെന്നുമായിരുന്നു ഇതിന് ചൂണ്ടിക്കാട്ടിയ ന്യായം.
ഈ സംവിധാനത്തെ കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയും ചെയ്തു. ആദ്യഘട്ടമെന്ന നിലയില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനും തുടര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ച് കോവിന്ദ് സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് സെപ്റ്റംബറിൽ കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കുന്നതടെ ഇന്ത്യയുടെ ജി.ഡി.പിയിൽ ഒന്നര ശതമാനത്തോളം വളർച്ചയുണ്ടാകുമെന്നായിരുന്നു സമിതിയുടെ റിപ്പോർട്ട്. ബില്ല് നിയമമാകുന്നതോടെ, ആദ്യപടിയായി ലോക്സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.