ന്യൂഡൽഹി: കോവിഡ് വാക്സിനേഷന് വേണ്ടി ഒരുക്കിയ 'കോവിൻ' പോർട്ടൽ അതീവ സുരക്ഷിതമാണെന്നും ഹാക്കിങ് നടത്തൽ അസാധ്യമാണെന്നും കേന്ദ്ര സർക്കാർ. എല്ലാ ജനങ്ങൾക്കും സാങ്കേതികവിദ്യ ഉപയോഗിക്കാനാവില്ലെന്ന വാദവും കേന്ദ്രം തള്ളി. കോവിൻ പോർട്ടലിന്‍റെ സുരക്ഷയെ കുറിച്ച് പലരും ആശങ്കയുയർത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.
വൺ ടൈം പാസ്വേഡ് (ഒ.ടി.പി), 'കാപ്ച്ച' (കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വ്യക്തി മനുഷ്യൻ ആണോ എന്നു പരീക്ഷിക്കാൻ ഉള്ള സംവിധാനം) എന്നിവ ഉപയോഗിച്ച് മാത്രമേ 'കോവിൻ' പോർട്ടലിൽ കടക്കാനാകൂ. ഇതിനെ മറികടന്ന് ഓട്ടോമാറ്റിക്കായി വ്യക്തികളെ രജിസ്റ്റർ ചെയ്യാൻ ആർക്കും സാധ്യമല്ല -ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
'കോവിൻ' രജിസ്ട്രേഷൻ വാക്സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടവും അതുവഴി വൈറസിന്‍റെ സൂപർസ്പെഡിങ്ങും ഒഴിവാക്കും. സാങ്കേതിക വിദ്യ ഉപയോഗിക്കാനറിയാവുന്നവരും അറിയാത്തവരും തമ്മിലെ അന്തരം (ഡിജിറ്റൽ ഡിവൈഡ്) ആശങ്കയായി ചിലർ ഉയർത്തുന്നുണ്ട്. ഇതിന് അടിസ്ഥാനമില്ല. ഇപ്പോൾ തന്നെ 50 ശതമാനത്തിലേറെ വാക്സിനും കേന്ദ്രത്തിൽ നേരിട്ടുള്ള രജിസ്ട്രേഷനിലൂടെയാണ് -പ്രസ്താവനയിൽ പറയുന്നു.
24.4 കോടി രജിസ്ട്രേഷൻ കോവിൻ പോർട്ടലിൽ പൂർത്തിയായി. 16.7 കോടി ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. വാക്സിനേഷൻ സ്ലോട്ടുകൾ ലഭിക്കുന്നില്ലെന്നത് വാക്സിനേഷൻ ആരംഭിച്ച ഏപ്രിൽ 28 മുതൽ കേൾക്കുന്ന അപശബ്ദമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.