ഇരുമ്പഴിക്കുള്ളിൽ കിടന്ന​ എന്നെ നിങ്ങൾ എം.എൽ.എയാക്കി; ഉടൻ മോചിതനായി നിങ്ങളെ സേവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു- അഖിൽ ഗൊഗോയി

ഗുവാഹത്തി: പൗരത്വ പ്ര​േക്ഷാഭത്തിന്‍റെ പേരിൽ 19 മാസമായി ജയിലിൽ കഴിയുന്ന അസമിലെ സ്വതന്ത്ര എം.എൽ.എ അഖിൽ ഗോഗോയിക്ക്​ പരോൾ. രോഗിയായ അമ്മയെയും ഭാര്യയെയും മകനെയും കാണാൻ 48 മണിക്കൂർ മാത്രമാണ്​ പരോൾ അനുവദിച്ചത്​. നിയോജകമണ്ഡലമായ ശിവസാഗറിലെ ജനങ്ങളെ സന്ദർശിക്കാൻ അനുവദിക്കണമെന്ന ആവശ്യം എൻ‌ഐ‌എ പ്രത്യേക ജഡ്ജി പ്രഞ്ജൽ ദാസ് നിരസിച്ചു. ജയിലിലായതിനാൽ പ്രചാരണത്തിന്​ പോലും പോകാതെയാണ്​ നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസാഗർ മണ്ഡലത്തിൽ അഖിൽ ഗോഗോയി​ മത്സരിച്ച്​ വിജയിച്ചത്​.

"ഇരുമ്പഴിക്കുള്ളിൽ കിടന്ന എന്നെ എം.എൽ.എയായി തെരഞ്ഞെടുത്ത ശിവസാഗറിലെ ജനങ്ങൾക്ക് കൂപ്പുകൈകളോടെ ഞാൻ നന്ദി പറയുന്നു. ഉടൻ മോചിതനാകാനും നിങ്ങളെ സേവിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" -അദ്ദേഹം പറഞ്ഞു.

ഗുവാഹതി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ​അദ്ദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് പരോൾ ലഭിച്ചശേഷം ഗുവാഹത്തിയിലെ വാടക വീട്ടിലേക്കാണ്​ പോയത്​. അവിടെ കോവിഡ്​ മുക്​തയായ ഭാര്യയോടും മകനോടുമൊപ്പം രാത്രി ചെലവഴിച്ചു. രോഗിയായ അമ്മയെ കാണാൻ ശനിയാഴ്ച രാവിലെ ജോർഹാട്ടിലേക്ക് പുറപ്പെട്ടു.

"എന്‍റെ മകൻ വളരെ ദുഃഖിതനും അസ്വസ്ഥനുമാണ്. ഇന്നലെ എനിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ രാത്രി മുഴുവൻ അവനോടൊപ്പം ചെലവഴിച്ചു" -ജോർഹാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഗോഗോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശനിയാഴ്ച രാത്രി അമ്മയോടൊപ്പം ജോർഹട്ടിലെ വീട്ടിൽ ചെലവഴിക്കുമെന്ന് ഗോഗോയ് പറഞ്ഞു. പൊലീസ് അകമ്പടിയിൽ പോകുന്നതിനാൽ മകനെ ഒപ്പം കൂട്ടാൻ കഴിയാത്തതിന്‍റെ സങ്കടവും അദ്ദേഹം പങ്കുവെച്ചു.

കഴിഞ്ഞ മേയിൽ മൂന്ന് ദിവസ നിയമസഭ സമ്മേളനത്തിൽ, സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസം മാത്രമാണ്​ അഖിലിന്​ അനുമതി ലഭിച്ചത്​. വരാനിരിക്കുന്ന ബജറ്റ് സെഷനിൽ തന്‍റെ മണ്ഡലത്തിലെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. അതിനിടെ, കോളജിലെ ലക്ചററായ ഭാര്യ ഗീതശ്രീ തമുലിക്ക് രണ്ട് ദിവസം മുമ്പ് ഗുവാഹത്തി ഐഐടിയിൽനിന്ന്​ ഡോക്​ടറേറ്റ്​ ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ സി‌.എ‌.എ വിരുദ്ധ പ്രതിഷേധം ​കൊടുമ്പിരികൊള്ളവേ, 2019 ഡിസംബർ 12 നാണ് ഗോഗോയിയെ പൊലീസ്​ അറസ്റ്റുചെയ്തത്. മാവോയിസ്റ്റ് ബന്ധവും അക്രമാസക്ത പ്രതിഷേധങ്ങളിൽ പങ്കാളിത്തവും ആരോപിച്ച് അദ്ദേഹത്തെ പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ‌ഐ‌എ) കൈമാറി. യു.എ.പി.എ ചുമത്തിയാണ്​ ജയിലിലടച്ചത്​.  

Tags:    
News Summary - Out on parole, Assam MLA Akhil Gogoi visits ailing mother in Jorhat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.