ന്യൂഡൽഹി: യുദ്ധഭൂമിയായ അഫ്ഗാനിസ്താനിലെ കാബൂളിലുള്ള ഇന്ത്യൻ എംബസിയിൽ കുടുങ്ങിക്കിടക്കുന്നത് 200ലേറെ ഇന്ത്യക്കാർ. വിേദശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരും പാരാമിലിട്ടറി സൈനികരും ഇതിൽ ഉൾപ്പെടുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇവരെ കൊണ്ടുവരാൻ ഇന്ത്യയിൽ നിന്നയച്ച വിമാനം കാബൂൾ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. പക്ഷേ, സംഘർഷഭരിതമായ കാബൂൾ വിമാനത്താവളത്തിലേക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് ഇവരെ എങ്ങിനെ സുരക്ഷിതമായി എത്തിക്കുമെന്ന ആശങ്കയിലാണ് വിദേശകാര്യ മന്ത്രാലയം.
അഫ്ഗാൻ ഭരണം പിടിച്ചെടുത്ത താലിബാൻ കാബൂളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരിൽ 100ഓളം പേർ എംബസിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) സൈനികരാണ്. അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ആയിരങ്ങൾ കുതിച്ചെത്തിയതോടെ കാബൂൾ വിമാനത്താവളവും വ്യോമപാതയും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നത് സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരുമായി ചർച്ച തുടരുകയാണ്.
അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട്. എന്നാൽ, അത് വിജയകരമായി നടപ്പാക്കുന്നത് ദുഷ്കരമായ സാഹചര്യമാണ് നിലവിൽ. ഇത് മറികടക്കാനുള്ള ശ്രമങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തില്‍ വിലയിരുത്തി വരികയാണ്. നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങളും ചർച്ചയിലാണ്. താലിബാൻ കാബൂളിലേക്ക് നീങ്ങിയപ്പോൾ തന്നെ സ്ഥിതിഗതികൾ വഷളാകാൻ കാത്തുനിൽക്കാതെ അവിടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാൻ നടപടിയെടുക്കാഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
അഫ്ഗാനിൽ കുടുങ്ങിയ സിഖുകാർ ഉൾപ്പെടെയുള്ള 200 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയവരാണ് അവിടെ കുടുങ്ങിയിരിക്കുന്നത്. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
അഫ്ഗാനിൽ കുടുങ്ങിയ സിഖുകാർ ഉൾപ്പെടെയുള്ള 200 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയവരാണ് അവിടെ കുടുങ്ങിയിരിക്കുന്നത്. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.