ഹൈദരാബാദ്: നവമി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളുടെ പേരിൽ മുസ്‍ലിം വീടുകൾ തെരഞ്ഞുപിടിച്ച് തകർത്ത മധ്യപ്രദേശ് സർക്കാറിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻഉവൈസി. വീടുകൾ തകർത്ത മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ വിമർശിച്ചാണ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തിയത്.
ഖാർഗോണിലെ രാമനവമി ഘോഷയാത്ര വിഷയത്തിൽ, മുസ്ലീം ന്യൂനപക്ഷത്തോടുള്ള മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ മനോഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "ഇത് വ്യക്തമായും ഭരണകൂട-പങ്കാളിത്ത അക്രമവും ജനീവ കൺവെൻഷന്റെ ഗുരുതരമായ ലംഘനവുമാണ്. സർക്കാർ ജാഥക്ക് അനുമതി നൽകുന്നു. എങ്ങനെയാണ് സർക്കാർ ഘോഷയാത്രയിൽ അക്രമം അഴിച്ചുവിടുന്നത്. വീടുകളും കടകളും സജ്ജീകരിച്ചിരിക്കുന്നിടത്ത് എങ്ങനെയാണ് അക്രമം അഴിച്ചുവിടുന്നത്. ഏത് നിയമപ്രകാരമാണ് മധ്യപ്രദേശ് സർക്കാർ മുസ്ലീം വീടുകൾ തകർത്തത്? മുസ്ലീം ന്യൂനപക്ഷങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ സമീപനമാണ് ഇത് വ്യക്തമാക്കുന്നത്.
രാമനവമി ഘോഷയാത്രയെ തുടർന്ന് കല്ലേറുണടായെന്ന്ആരോപിച്ച് ഹിന്ദുത്വ തീവ്രവാദികൾ മുസ്‍ലിം സ്ഥാപനങ്ങളും വീടുകളും അക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണകൂടം പ്രദേശത്തെ മുസ്‍ലിം വീടുകൾ ജെ.സി.ബി ഉപയോഗിച്ച് തകർത്തത്. 45ഓളം വീടുകളിലും കടകളിലും അധികൃതർ മണ്ണുമാന്തി യന്ത്രം കയറ്റി തകർത്തു. തിങ്കളാഴ്ച 16 വീടുകളും 29 കടകളും തകർത്തു.
രാമനവമി ദിനത്തിൽ ഡൽഹിയിലെ ജെ.എൻ.യു കാമ്പസിൽ മാംസ ഭക്ഷണ വിഷയത്തിൽ ഉണ്ടായ സംഘർഷത്തെ കുറിച്ചും ഉവൈസി പ്രതികരിച്ചു. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ അവരുടെ വഴിക്ക് കൊണ്ടുപോകുകയാണ്.
എന്തുകൊണ്ട് നിങ്ങൾ മാംസം കയറ്റുമതി നിരോധിക്കുന്നില്ല? നിങ്ങൾക്ക് ഡോളർ ലഭിക്കുന്നത് കൊണ്ട് നിങ്ങൾ അത് നിരോധിക്കുന്നില്ല. വിശ്വാസത്തിന്റെയോ ഭരണഘടനയുടെയോ അടിസ്ഥാനത്തിലാണോ രാജ്യം സഞ്ചരിക്കുന്നത്. ഉവൈസി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.