‘അത് വിഷം, ബാലിശമായ നടപടി’; ബി.ബി.സി ഡോക്യുമെന്‍ററി വിലക്കിനെ വിമർശിച്ച് പി. സായ്നാഥ്

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററിക്ക് കേന്ദ്ര സർക്കാർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ പി. സായ്നാഥ്.

കേന്ദ്ര സർക്കാർ നീക്കം വിഷമാണെന്നും അതിനോടുള്ള മാധ്യമപ്രതികരണം ഭീരുത്വം നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്‍ററിയുടെ ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ യുട്യൂബ് വിഡിയോകൾ, അവയുടെ ലിങ്ക് പങ്കുവെക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ എന്നിവ കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് നീക്കം ചെയ്തിരുന്നു. വിവര സാങ്കേതികവിദ്യ ചട്ടം 2021 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുടെ നടപടി.

ബി.ബി.സിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിഡിയോ, ലിങ്ക് തുടങ്ങിയവ ഇന്ത്യയിൽ ലഭ്യമാകില്ല. ജയ്പൂർ സാഹിത്യോത്സവത്തിനിടെയാണ് സായ്നാഥ് കേന്ദ്ര സർക്കാറിനെ വിമർശിച്ച് രംഗത്തുവന്നത്. കേന്ദ്ര സർക്കാറിന്‍റേത് ബാലിശമായ നടപടിയാണ്, അത് വളരെ വിഷമാണ്... മോദിയെയോ അദ്ദേഹത്തിന്റെ സർക്കാറിനെയോ പാർട്ടികളെയോ വിമർശിക്കുന്ന എന്തിനെയും തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന് ഇപ്പോൾ ഡോക്യുമെന്‍ററി കാണാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഡോക്യുമെന്‍ററി അധികൃതരെ അവമതിക്കുന്നതും സുപ്രീംകോടതിയുടെ വിശ്വാസ്യതക്ക് പരിക്കേൽപിക്കുന്നതുമാണെന്ന് വിലയിരുത്തിയാണ് കേന്ദ്ര സർക്കാറിന്‍റെ നിരോധനം. വിഡിയോ, ലിങ്ക് പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ വിഭാഗീയതക്ക് ഇടയാക്കും. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യും. വിദേശ നാടുകളുമായുള്ള ഇന്ത്യയുടെ സൗഹാർദത്തെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ പറയുന്നു.

ബ്രിട്ടന്‍റെ ടെലിവിഷൻ ചാനലായ ബി.ബി.സിയുടെ ഡോക്യുമെന്‍ററി തെറ്റായ പ്രചാരവേലയാണെന്നും കോളനിക്കാല മനോഭാവം പ്രതിഫലിപ്പിക്കുന്നതാണെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങൾ പരിശോധിച്ച ശേഷമാണ് കേന്ദ്ര സർക്കാറിന്‍റെ പുതിയ നടപടി. ചുരുങ്ങിയത് 50 ട്വീറ്റുകൾ ഇതേത്തുടർന്ന് നീക്കിയിട്ടുണ്ട്.

Tags:    
News Summary - P Sainath on Centre censoring BBC documentary on Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.