മുംബൈ: ഇന്ത്യയുമായി സൗഹാർദം ആഗ്രഹിക്കുന്നുവെങ്കിൽ പാകിസ്താൻ അവരുടെ മണ്ണിലെ ഭീകരവാദം ഇല്ലാതാക്കുകയും മതേതര രാജ്യമായി മാറുകയും വേണമെന്ന് സേന മേധാവി ജനറൽ ബിപിൻ റാവത്ത്. വെള്ളിയാഴ്ച പുണെ നാഷനൽ ഡിഫൻസ് അക്കാദമിയിലെ ബിരുദദാന ചടങ്ങിനെത്തിയ റാവത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ തയാറാണെന്നും അതിന് ഇന്ത്യ ഒരു ചുവടുവെച്ചാൽ തങ്ങൾ രണ്ടു ചുവടുവെക്കുമെന്നുമുള്ള പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോൾ, ആദ്യം അവർ ഭീകരവാദം ഇല്ലാതാക്കട്ടെ എന്നായിരുന്നു ജനറൽ ബിപിൻ റാവത്തിെൻറ പ്രതികരണം. ഇന്ത്യ മുമ്പും ഒരുപാട് ശ്രമിച്ചതാണ്. ഇന്ത്യക്ക് എതിരായ ഭീകരവാദം നിങ്ങളുടെ മണ്ണിൽനിന്നാണ് രൂപപ്പെടുന്നതെന്ന് ഞങ്ങൾ പറയുേമ്പാൾ അവർക്കെതിരെ നടപടി കൈക്കൊണ്ട് പാകിസ്താൻ ആത്മാർഥത കാണിക്കണം -അദ്ദേഹം പറഞ്ഞു.
ജർമനിക്കും ഫ്രാൻസിനും നല്ല അയൽക്കാരാകാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കും പാകിസ്താനും ആയിക്കൂടെന്ന പാക് പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, ആദ്യം അവരുടെ ആഭ്യന്തര പ്രശ്നങ്ങൾ പരിശോധിക്കട്ടെ എന്നായിരുന്നു റാവത്തിെൻറ മറുപടി.
പാകിസ്താൻ ഇസ്ലാമിക രാജ്യമായാണ് രൂപപ്പെട്ടത്. ഇന്ത്യയുമായി ഒന്നിച്ചുനിൽക്കണമെങ്കിൽ അവരും മതേതര രാജ്യമായി വികസിക്കണം. ഇന്ത്യ മതേതര രാജ്യമായതിനാൽ തങ്ങളുമായി കൈകോർക്കുന്നവരും മതേതരമാകണം. മതേതരമാകാൻ പാകിസ്താൻ തയാറാകുന്നുവെങ്കിൽ നല്ലബന്ധത്തിന് അവർക്ക് അവസരമുണ്ട് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.