ജയ്പൂർ: പാക് അധീന കശ്മീർ ഇന്ത്യയിൽ ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും മുൻ കരസേന മേധാവിയുമായ വി.കെ സിങ്. പാക് അധീന കശ്മീർ സ്വയം ഇന്ത്യയിൽ ലയിക്കുമെന്നും അതിനായി കുറച്ചുനാൾ കാത്തിരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
രാജസ്ഥാനിലെ ദൗസയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക് അധീന കശ്മീരിലെ ഷിയ മുസ്‍ലിം അതിർത്തി തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനോടുള്ള പ്രതികരണമെന്താണെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇക്കാര്യത്തിലാണ് അദ്ദേഹം മറുപടി നൽകിയത്.ബി.ജെ.പി പരിവർത്തൻ സങ്കൽപ് യാത്രയുമായി ബന്ധപ്പെട്ടായിരുന്നു വി.കെ സിങ്ങിന്റെ വാർത്ത സമ്മേളനം.
ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടി വൻ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു ഉച്ചകോടി മുമ്പെങ്ങും നടന്നിട്ടില്ല. മറ്റൊരു രാജ്യത്തിനും ഇങ്ങനെ ഉച്ചകോടി നടത്താൻ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കരുത്ത് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിനിടെ രാജസ്ഥാൻ സർക്കാറിനെയും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്നും അതിനാലാണ് ബി.ജെ.പി പരിവർത്തൻ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.