ചെന്നൈ: മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ മരണത്തിൽ ഡി.എം.കെ നേതാക്കളായ എം. കരുണാനിധിയെയും സ്റ്റാലിനെയും കുറ്റപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഗസാമി കമീഷന്‍റെ പ്രവർത്തനം വേഗത്തിലാക്കുമെന്ന എം.കെ. സ്റ്റാലിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പളനിസ്വാമി.
'അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതയെ 2015ൽ കോടതി കുറ്റവിമുക്തയാക്കിയിരുന്നു. എന്നിട്ടും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഡി.എം.കെ അവരെ ദ്രോഹിച്ച് വിഷാദത്തിലേക്ക് തള്ളിവിട്ടു.
അമ്മയുടെ മരണത്തിന് ഡി.എം.കെ ഉത്തരവാദിയാണ്. ദൈവം തീർച്ചയായും കരുണാനിധിയെയും സ്റ്റാലിനെയും ശിക്ഷിക്കും. ആരാണ് ഉത്തരവാദിയെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് അറിയാം. അമ്മയുടെ ആത്മാവ് തീർച്ചയായും അവരെ ശിക്ഷിക്കും. ഉചിതമായ ചികിത്സ ലഭിക്കാതെയാണ് അവർ അന്തരിച്ചത്. കരുണാനിധിയും സ്റ്റാലിനും മാത്രമാണ് മരണത്തിന് ഉത്തരവാദികൾ' -പളനിസ്വാമി പറഞ്ഞു.
2016 ഡിസംബർ അഞ്ചിന് തന്‍റെ 68ാം വയസ്സിലാണ് ജയലളിത മരിക്കുന്നത്. അടുത്തദിവസം തന്നെ മറീന ബീച്ചിൽ എം.ജി.ആർ സ്മാരകത്തോട് ചേർന്ന് പൂർണ്ണ ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. 2018 ആഗസ്റ്റ് ഏഴിനായിരുന്നു കരുണാനിധിയുടെ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.