ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാഷ്ട്രത്തിന് സമർപ്പിക്കും. പാർലമെന്റ് പുതിയ മന്ദിരത്തിലേക്ക് കൂടുമാറുന്ന നിർണായകവേള പ്രതിപക്ഷ ബഹിഷ്കരണം കൊണ്ടുകൂടി ചരിത്രപ്രധാനമാകും. 21 പ്രതിപക്ഷ പാർട്ടികളാണ് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത്. ജനാധിപത്യ, ഭരണഘടനാമൂല്യങ്ങൾ അവഗണിച്ച് മോദിമയമാക്കി രാജ്യത്തെ മാറ്റാൻ ശ്രമിക്കുന്നതാണ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തിയ അസാധാരണ പ്രതിഷേധമായി വളർന്നത്. പരമോന്നത സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത് അനൗചിത്യവും അവഹേളനവുമാണെന്ന് പ്രതിപക്ഷം കരുതുന്നു.
നിലപാട് പുനഃപരിശോധിക്കണമെന്ന് പരസ്പരം ആവശ്യപ്പെട്ടെങ്കിലും പോര് ആളുന്നതിനിടയിൽതന്നെയാണ് മന്ദിരോദ്ഘാടനം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ജനതദൾ-യു, ആം ആദ്മി പാർട്ടി, എൻ.സി.പി, ശിവസേന-താക്കറെ വിഭാഗം, സി.പി.എം, സമാജ്വാദി പാർട്ടി, ആർ.ജെ.ഡി, സി.പി.ഐ, മുസ്ലിം ലീഗ്, ജെ.എം.എം, നാഷനൽ കോൺഫറൻസ്, കേരള കോൺഗ്രസ്, ആർ.എസ്.പി, വി.സി.കെ, എം.ഡി.എം.കെ, രാഷ്ട്രീയ ലോക്ദൾ, ഭാരത് രാഷ്ട്രസമിതി, എ.ഐ.എം.ഐ.എം എന്നിവയാണ് വിട്ടുനിൽക്കുന്നത്.
അതേസമയം, രണ്ട് ഘട്ടങ്ങളിലായി പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7.15 പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തും. തുടർന്ന് 7.30ഓടെ ഹോമം, പൂജ എന്നിവയോടെ ചടങ്ങുകള്‍ ആരംഭിക്കും. പിന്നീട് പ്രധാനമന്ത്രി ലോക്സഭ സ്പീക്കറുടെ ചേംബറിലെത്തി ചെങ്കോൽ സ്ഥാപിക്കും. ഒമ്പതരയോടെ രാവിലത്തെ ചടങ്ങുകൾ പൂർത്തിയാകും. പിന്നീട് ഉച്ചക്ക് 12 മണിക്ക് ദേശീയഗാനാലാപത്തോട് കൂടി ചടങ്ങുകൾ തുടങ്ങും. രാജ്യസഭ ഉപാധ്യക്ഷന്റെ പ്രസംഗത്തിന് ശേഷം പാർലമെന്റിനെ സംബന്ധിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും. ലോക്സഭ സ്പീക്കർ ഓം ബിർളയുടെ പ്രസംഗത്തിന് ശേഷം 75 രൂപ നാണയം പുറത്തിറക്കും. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് ചടങ്ങുകൾ അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.