ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ലോക്സഭയിൽ നടത്തിയ കടന്നാക്രമണത്തിന്റെ അലയൊലികൾക്കിടയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചില പ്രസംഗ ഭാഗങ്ങൾ സഭാരേഖകളിൽനിന്ന് നീക്കി. മോദിക്കും ബി.ജെ.പിക്കും ആർ.എസ്.എസിനും അദാനിക്കും അംബാനിക്കും അഗ്നിവീറിനും നീറ്റിനുമെതിരെ രാഹുൽ ഗാന്ധി നടത്തിയ ചില വിമർശനങ്ങളാണ് നീക്കിയത്. ഇതിനെതിരെ ഇൻഡ്യ എം.പിമാർ ലോക്സഭയിൽ പ്രതിഷേധിച്ചു.
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആക്രമണം. മോദിയും ആർ.എസ്.എസും ബി.ജെ.പിയും അല്ല ഹിന്ദുക്കളെന്നും അവർ ഹിന്ദുമതത്തിന് ഭയപ്പെടുത്തലിന്റെയും ഹിംസയുടേയും മുഖം നൽകിയവരാണെന്നുമുള്ള രാഹുലിന്റെ വിമർശനം ഹിന്ദുസമുദായത്തിനെതിരാണെന്ന് വരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭരണപക്ഷം പ്രചാരണം നടത്തുന്നതിനിടയിലാണ് സ്പീക്കർ ഓം ബിർളയുടെ നടപടി.
രാഹുലിന്റെ പ്രസംഗ ഭാഗങ്ങൾ മാത്രം ഏകപക്ഷിയമായി നീക്കം ചെയ്തത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള പ്രതിപക്ഷ എം.പിമാർ ചോദ്യംചെയ്തു. കേന്ദ്ര മന്ത്രി അനുരാഗ് ഠാകുർ കോൺഗ്രസിനും രാഹുലിനുമെതിരെ നടത്തിയ വ്യാജ ആരോപണങ്ങൾ നീക്കം ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് വേണുഗോപാൽ ചോദിച്ചു.
ഭരണപക്ഷത്തെ എം.പിമാർക്കെതിരെ പരാതിയുണ്ടെങ്കിൽ തരണമെന്നും നടപടിയെടുക്കുമെന്നും കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജു ഇതിന് മറുപടി നൽകി. രാവിലെ നന്ദിപ്രമേയ ചർച്ച തുടങ്ങുംമുമ്പ് സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഇൻഡ്യ എം.പിമാർ ബഹളം വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.