ന്യൂഡൽഹി: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ ജാഫ്നയിലേക്ക് യാത്രബോട്ട് സർവിസ് തുടങ്ങി. കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും സംയുക്തമായി ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും ആശംസകൾ നേർന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ വലിയ മുന്നേറ്റമാണിതെന്ന് മന്ത്രി ജയ്ശങ്കർ പറഞ്ഞു. ജാഫ്നക്കടുത്ത കങ്കേശൻതുറൈയിലേക്കാണ് ബോട്ട് സർവിസ്. ആത്മാഭിമാനത്തോടെയും തുല്യ അവകാശത്തോടെയും ജീവിക്കാനുള്ള എല്ലാ ശ്രീലങ്കക്കാരുടെയും അവകാശത്തെ പിന്തുണക്കുമെന്ന് മന്ത്രി ജയ്ശങ്കർ വ്യക്തമാക്കി. ഫെറി സർവിസ് തുടങ്ങുന്നതിനെ കുറിച്ച് ജൂലൈയിൽ ഇരുരാജ്യങ്ങളുടെയും നേതാക്കൾ പ്രഖ്യാപനം നടത്തിയിരുന്നു. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് 150 യാത്രക്കാരെ വഹിക്കാവുന്ന അതിവേഗ ഫെറി സർവിസ് നടത്തുന്നത്. നാഗപട്ടണത്തുനിന്ന് കങ്കേശൻതുറൈയിലേക്കുള്ള 110 കിലോമീറ്റർ ദൂരം, കടൽ ശാന്തമാണെങ്കിൽ മൂന്നര മണിക്കൂറിൽ താണ്ടാനാകും. ഉദ്ഘാടന സർവിസ് നടത്തിയ ബോട്ട് ‘ചെറിയപാനി’യിൽ 50 യാത്രക്കാരുണ്ടായിരുന്നു. രാമേശ്വരം, തലൈമന്നാർ തുടങ്ങി മറ്റു തുറമുഖങ്ങളിൽനിന്നും സർവിസ് തുടങ്ങുന്നത് ഇന്ത്യയും ശ്രീലങ്കയും പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 40 വർഷത്തിനുശേഷമാണ് ഇന്ത്യ-ശ്രീലങ്ക യാത്രബോട്ട് സർവിസ് പുനരാരംഭിക്കുന്നത്.
2024 ജനുവരി മുതൽ യാത്രക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ഉണ്ടാകും. അതുവരെ താൽപര്യമുള്ളവർക്ക് +919789879971 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. മടക്കയാത്ര ഉൾപ്പെടെ 13,000 രൂപയും നികുതിയുമാണ് നിരക്ക്. ഒരു വശത്തേക്കുള്ള യാത്രക്ക് 6500 രൂപ. രാവിലെ ഏഴിനാണ് നാഗപട്ടണത്തുനിന്ന് സർവിസ് തുടങ്ങുക. തിരിച്ചുള്ള സർവിസ് ഉച്ചക്ക് രണ്ടിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.