ശ്രീനഗർ: ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ പ്രകടനപത്രിക പുറത്തിറക്കി മെഹ്ബൂബ മഫ്തിയുടെ പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി). ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കാൻ ശ്രമിക്കും, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം, കശ്മീരി പണ്ഡിറ്റുകളുടെ താഴ്‌വരയിലേക്കുള്ള തിരിച്ചുവരവ് എന്നിവ ഉറപ്പാക്കുമെന്നാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
2019ലെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ആർട്ടിക്കിൾ 370, 35 എ അസാധുവാക്കൽ കശ്മീർ പ്രശ്നം കൂടുതൽ സങ്കീർണമാക്കിയെന്നും പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന അന്യവൽക്കരണം കൂടുതൽ ആഴത്തിലാക്കിയെന്നും പ്രകടനപത്രികയിൽ പറയുന്നു. അന്യായമായി ഇല്ലാതാക്കിയ ഭരണഘടനാപരമായ ഉറപ്പുകൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ പി.ഡി.പി ഉറച്ചുനിൽക്കും. ജമ്മു കശ്മീരിനെ അതിന്‍റെ പൂർവസ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ഇടപെടലുകൾ, സംഘർഷങ്ങൾക്ക് പരിഹാരം, ആത്മവിശ്വാസം വളർത്താനുള്ള നടപടികൾ, പ്രാദേശിക സഹകരണം എന്നിവയിലൂടെ നിയന്ത്രണരേഖയിൽ പൂർണ ബന്ധം സ്ഥാപിക്കും.
രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, പത്രപ്രവർത്തകർ, സിവിൽ സമൂഹം, പൗരന്മാർ എന്നിവരുടെ അന്യായമായ അറസ്റ്റുകൾ അവസാനിപ്പിക്കാൻ പി.എസ്.എ, യു.എ.പി.എ, ശത്രു നിയമം എന്നിവ അസാധുവാക്കുന്നതിന് പരിശ്രമിക്കും. അഫ്സ്പ പിൻവലിക്കുന്നതിന് പാർട്ടി പ്രതിജ്ഞാബദ്ധരാണെന്നും പി.ഡി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.